നിവിന്‍ പോളിയും നയന്‍താരയും പ്രധാനവേഷങ്ങളിലെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെയും പ്രണവ് മോഹന്‍ലാലിന്റെയും ഫെയ്‌സ്ബുക്ക് പേജിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭമാണ് ഈ ചിത്രം. 

തളത്തില്‍ ദിനേശനെന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയാകുന്നത് നയന്‍താരയും. ശ്രീനിവാസന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വടക്കു നോക്കിയന്ത്രം. അതിലെ കഥാപാത്രങ്ങളായിരുന്നു തളത്തില്‍ ദിനേശനും ശോഭയും. സംശയരോഗമുള്ള, എന്നാല്‍ ആത്മവിശ്വാസം തീരെയില്ലാത്ത ഭര്‍ത്താവായി ശ്രീനിവാസനും ദിനേശന്റെ സുന്ദരിയായ ഭാര്യയായി പാര്‍വതിയും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ മകന്‍ ശോഭയെയും ദിനേശനെയും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിക്കുകയാണ്. 

പേരുകള്‍ പഴയതെങ്കിലും പുതിയ കാലഘട്ടത്തിലെ ഭാര്യാഭര്‍ത്താക്കന്‍മാരായാണ് നിവിനും നയന്‍സും ചിത്രത്തിലെത്തുന്നത്. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അജു വര്‍ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒപ്പം മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ ടീമംഗങ്ങളായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍ എന്നിവര്‍ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്. 

അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓണത്തിന് ചിത്രം പുറത്തിറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ടീസറോ ട്രെയ്‌ലറോ പങ്കുവയ്ക്കാത്തതിന്റെ കടുത്ത നിരാശയിലായിരുന്നു ആരാധകര്‍. അജു പങ്കുവയ്ക്കുന്ന ചിത്രത്തിന്റെ ഓരോ പോസ്റ്ററുകള്‍ക്കും താഴെ പരാതിയുടെയും പരിഭവത്തിന്റെയും പ്രളയമായിരുന്നു. ടീസര്‍ എന്ന് പുറത്തിറങ്ങും എന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത്. 

സംഗീതം- ഷാന്‍ റഹ്മാന്‍, ഛായാഗ്രാഹണം- ജോമോന്‍ ടി ജോണ്‍, റോബി വര്‍ഗീസ് രാജ്. എഡിറ്റിങ്- വിവേക് ഹര്‍ഷന്‍.

Content Highlights: Love action Drama teaser released by Mohanlal Pranav Mohanlal, Nivin Pauly, Nayanthara, Dhyan Sreenivasan, Aju Varghese