ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, നിവിന്‍ പോളിയുടെ നായികയായി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര എത്തുന്ന ചിത്രം, അജു വര്‍ഗീസ് നിര്‍മിക്കുന്ന ചിത്രം.... ഒട്ടേറെ പ്രതീക്ഷകളോടെയാണ് ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമ പ്രഖ്യാപിച്ച അന്ന് മുതല്‍ പുറത്തിറങ്ങുന്ന ഓരോ പോസ്റ്ററുകളും വിശേഷങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 

എന്നാല്‍ കാത്തിരിപ്പിനൊടുവില്‍ ഓണം റിലീസിന് തയ്യാറെടുക്കുമ്പോള്‍ പോലും ചിത്രത്തിന്റെ ടീസറോ ട്രെയ്‌ലറോ പങ്കുവയ്ക്കാത്തതിന്റെ കടുത്ത നിരാശയും ആരാധകര്‍ക്കുണ്ട്. ഈ സങ്കടം മുഴുവന്‍ ഇവര്‍ തീര്‍ക്കുന്നത് നിര്‍മാതാവ് അജു വര്‍ഗീസിന്റെ ഫെയ്​സ്ബുക്ക് പേജിലാണ്. അജു പങ്കുവയ്ക്കുന്ന ചിത്രത്തിന്റെ ഓരോ പോസ്റ്ററുകള്‍ക്കും താഴെ പരാതിയുടെയും പരിഭവത്തിന്റെയും കെട്ടഴിക്കലാണ്.

"ഇയാള്‍ ഇത് എന്തോന്ന്, ഒരു ടീസര്‍ അല്ലേ ചോദിച്ചത് 5 സെന്റ് സ്ഥലം ഒന്നുമല്ലലോ..".ഒരു ആരാധകന്‍ ചോദിക്കുന്നു.  

"എന്നും വന്നു അജു ഇടുന്ന പോസ്റ്റിന് എല്ലാം ടീസര്‍ വേഗം താ എന്ന് പറയലാണ് പണി. പറയാതിരിക്കാന്‍ ആ ടീസര്‍ ഇങ്ങ് താ. ചോദിച്ചു മടുത്തു, അത് കഴിഞ്ഞ് ട്രെയ്‌ലർ , പാട്ട് ഒക്കെ ഇറക്കാനുള്ളതാ..."

"ഇങ്ങനെ ആണേല്‍ ഞാന്‍ അണ്ണന്റെ വീട്ടില്‍  കേറി തല്ലും..?? എന്റെ പൊന്നണ്ണാ  ആ ടീസര്‍ ഡേറ്റ് ഒന്ന് പറയൂ... കാത്തിരുന്നു മടുത്തു...."ഇങ്ങനെ നീളുന്നു പരിഭവം

Aju Vargheese

Aju Vargheese

ശ്രീനിവാസന്റെ രചനയില്‍ പുറത്തുവന്ന ശക്തമായ കഥാപാത്രങ്ങളായിരുന്നു വടക്കുനോക്കിയന്ത്രം എന്ന ഹിറ്റ് ചിത്രത്തിലെ തളത്തില്‍ ദിനേശനും ശോഭയും.. ഇതേ കഥാപാത്രങ്ങളെ തന്നെയാണ് തന്റെ കന്നി സംവിധാന സംരംഭത്തിലേക്ക് ധ്യാനും തിരഞ്ഞെടുത്തത്. ദിനേശനായി നിവിന്‍ എത്തുമ്പോള്‍ നയന്‍താര ശോഭയാകുന്നു. ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും.

ഫന്റാസ്റ്റിക് ഫിലിംസ് എം. സ്റ്റാര്‍ കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ അജു വര്‍ഗീസിനൊപ്പം വിശാഖ് പി. സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

ഉര്‍വശി, അജുവര്‍ഗീസ്, ധന്യാബാലകൃഷ്ണന്‍, സംവിധായകന്‍ ജൂഡ് ആന്റണി എന്നിവര്‍ക്കൊപ്പം തമിഴിലെയും കന്നഡയിലെയും താരങ്ങളും അഭിനയിക്കുന്നു.

Content Highlights : Love Action Drama Starring Nivin Pauly And Nayanthara Directed by Dhyan Sreenivasan produced by Aju Vargheese