കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ ലോങ് മാര്‍ച്ച്. സിനിമയിലെയും മറ്റു സാംസ്‌കാരിക മേഖലകളിലെയും പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. നടന്‍മാരായ ഷെയ്ന്‍ നിഗം, മണികണ്ഠന്‍, സംവിധായകരായ കമല്‍, ആഷിക് അബു, ഗീതു മോഹന്‍ദാസ്, നടിമാരായ നിമിഷാ സജയന്‍, റീമാ കല്ലിങ്കല്‍, എഴുത്തുകാരായ ഉണ്ണി ആര്‍, എന്‍ എസ് മാധവന്‍, സംഗീത സംവിധായകന്‍ ഷഹബാസ് അമന്‍, ഗായികമാരായ രഞ്ജിനി ഹരിദാസ്, രശ്മി സതീഷ്, തിരക്കഥാകൃത്ത് ശ്യാം പുഷകരന്‍, സംവിധായിക അര്‍ച്ചന പദ്മിനി, ഛായാഗ്രഹകന്‍ വേണു തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. 

രാജേന്ദ്ര മൈതാനിയില്‍ നിന്നു തുടങ്ങിയ പ്രതിഷേധമാര്‍ച്ച് ഫോര്‍ട്ട് കൊച്ചിയിലാണ് അവസാനിക്കുന്നത്. 'ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്' എന്നാണ് മാര്‍ച്ചിന്റെ പ്രധാന മുദ്രാവാക്യം.

പൗരത്വ നിയമ ഭേദഗതി ഗൗരവമുള്ള രാഷ്ട്രീയ പ്രശ്‌നമാണെന്ന് സംവിധായകന്‍ ആഷിക് അബു മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ഇതില്‍നിന്ന് ആര്‍ക്കും മാറി നില്‍ക്കാന്‍ കഴിയില്ല. ഏതൊക്കെ തരത്തില്‍ പ്രതിഷേധിക്കാമോ, അങ്ങനെയെല്ലാം പ്രതിഷേധിക്കുകയാണ് വേണ്ടതെന്നും ആഷിക് അബു പറഞ്ഞു. നമ്മുടെ രാജ്യത്ത് കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുമ്പോട്ടു പോകുന്നതെന്നും അത് ശരിയാക്കുന്നതിനുവേണ്ടിയാണ് ഈ പ്രതിഷേധമെന്നും ഷെയ്ന്‍ നിഗം പറഞ്ഞു.

 

Content Highlights : long march against citizenship amendment act ashiq abu shane nigam venu rima kallingal