ലോകേഷ്, പൃഥ്വിരാജ് | Photo: special arrangements
മറ്റു ഭാഷകളിലെ സിനിമാ മേഖലയിലും ശക്തമായ ബന്ധം സ്ഥാപിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന താരമാണ് പൃഥ്വിരാജ്. അന്യഭാഷാ ചിത്രങ്ങളുടെ നിര്‍മാണ സഹകരണവും അഭിനയവും കൊണ്ട് മറ്റ് ഇന്‍ഡസ്ട്രികളിലും പൃഥ്വിരാജ് ശ്രദ്ധ നേടാറുണ്ട്. പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന സലാര്‍, പൃഥ്വിരാജ് നായകനാകുന്ന ടൈസണ്‍ എന്നിവയെല്ലാം താരത്തിന് മറ്റ് ഭാഷകളില്‍ ലഭിക്കുന്ന സ്വീകാര്യതയുടെ ഉദാഹരണങ്ങളാണ്.
ഈയടുത്ത് ലോകേഷിന്റെ വരാന്‍ പോകുന്ന ചിത്രങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ലോകേഷ് ചെയ്യാന്‍ പോകുന്ന അടുത്ത സിനിമയെക്കുറിച്ച് തനിക്ക് വിശദമായി അറിയാമെന്നും കൈതി 2 വിന്റെ കഥ അറിയാമെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
റോളകസിന്റെ സ്പിന്‍ ഓഫിനെക്കുറിച്ച് ലോകേഷ് പറഞ്ഞിട്ടുണ്ടെന്നും പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. അടുത്ത പത്ത് പന്ത്രണ്ട് വര്‍ഷക്കാലം ലോകേഷിന് സ്‌ക്രിപ്റ്റ് എഴുതണ്ട എന്നും ഏത് ചെയ്യണമെന്ന് തീരുമാനിച്ചാല്‍ മതിയെന്നും പൃഥ്വി വ്യക്തമാക്കി.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉടനീളം ധാരാളം ട്രോളുകള്‍ പൃഥ്വിരാജിനെതിരെ വന്നിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ വാക്കുകള്‍ ശരിവെക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. പൃഥ്വിരാജ് പറഞ്ഞതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴാണ് ലോകേഷിന്റെ വെളിപ്പെടുത്തല്‍.
താനും പൃഥ്വിരാജും ഒരുമിച്ച് ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തീരുമാനിച്ചിരുന്നു എന്നും എന്നാല്‍ അത് നടന്നില്ലെന്നും ലോകേഷ് പറഞ്ഞു. പിന്നീട് അദ്ദേഹവുമായി സംസാരിക്കവെ വരാന്‍ പോകുന്ന ചിത്രങ്ങളുടെ ലൈന്‍ അപ്പ് പറഞ്ഞിരുന്നു. അത് കേട്ട് അദ്ദേഹം എക്‌സൈറ്റഡ് ആയി. അടുത്ത 10 വര്‍ഷത്തേയ്ക്ക് നിങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതണ്ടല്ലോ എന്ന് അദ്ദേഹം ചോദിച്ചുവെന്നും ലോകേഷ് വെളിപ്പെടുത്തി.
ഇമ്രാന്‍ ഹാഷ്മിയും അക്ഷയ് കുമാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബോളിവുഡ് ചിത്രം 'സെല്‍ഫി'യുടെ നിര്‍മാണ പങ്കാളി കൂടിയാണ് പൃഥ്വിരാജ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ്, കേപ്പ് ഗുഡ് ഫിലിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരൊന്നിച്ച് ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി. പൃഥ്വിരാജ് ചെയ്ത സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തില്‍ അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയുമാണ് എത്തുന്നത്. രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അതേസമയം, വിജയ് നായകനാകുന്ന ചിത്രമാണ് ലോകേഷ് കനകരാജ് ഇപ്പോള്‍ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. മാസ്റ്ററിന് ശേഷം വിജയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രമാണ് ഒടുവിലായി പുറത്തിറങ്ങിയ ലോകേഷ് ചിത്രം.
Content Highlights: lokesh kanakaraj about film discussion with prithviraj sukumaran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..