കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണകാരണം കരൾരോഗമാണെന്ന് സി.ബി.ഐ. അന്വേഷണ റിപ്പോർട്ട്. അമിതമദ്യപാനംമൂലമാണ് കരൾരോഗമുണ്ടായതെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ സഹായത്തോടെ സി.ബി.ഐ. കണ്ടെത്തിയത്.
മണിയുടെ രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോളിന്റെ അംശം അപകടകരമായ അളവിലല്ല. മരണത്തിൽ ദുരൂഹതയില്ലെന്ന റിപ്പോർട്ട് സി.ബി.ഐ. എറണാകുളം സി.ജെ.എം. കോടതിയിൽ സമർപ്പിച്ചു.
മണിയുടെ രക്തത്തിൽ കണ്ടെത്തിയ ലഹരിപദാർഥം അദ്ദേഹം കഴിച്ചിരുന്ന ആയുർവേദ ലേഹ്യത്തിൽനിന്നാണെന്നും പച്ചക്കറികൾ വേവിക്കാതെ കഴിച്ചതുകൊണ്ടാണ് ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. മണിയുടെ ശരീരത്തിൽ നാലു മില്ലീഗ്രാം മീഥൈൽ ആൽക്കഹോളാണ് കണ്ടെത്തിയത്. അത് മരണകാരണമാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
അവസാനകാലങ്ങളിൽ ബിയറാണ് മണി കൂടുതൽ ഉപയോഗിച്ചിരുന്നത്. 15 കുപ്പി ബിയർവരെ കഴിച്ചിരുന്ന മണിയുടെ കരളിന്റെ അവസ്ഥ അതീവ ദുർബലമായിരുന്നു. ബിയറിൽ കുറഞ്ഞ അളവിലാണ് മീഥൈൽ ആൽക്കഹോളുള്ളത്. എന്നാൽ, കരൾ വളരെ ദുർബലമായതിനാൽ മീഥൈൽ ആൽക്കഹോളിന്റെ അംശം രക്തത്തിൽനിന്നു പുറന്തള്ളാതെ കിടക്കുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. മദ്യപിക്കരുതെന്ന് പലതവണ ഡോക്ടർമാർ ഉപദേശിച്ചിട്ടും മണി അതൊന്നും കേൾക്കാതിരുന്നതാണ് രോഗം മൂർച്ഛിക്കാൻ കാരണമായതെന്ന് സി.ബി.ഐ. റിപ്പോർട്ടിൽ പറയുന്നു.
മണിയുടെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ സിനിമാ സുഹൃത്തുക്കൾ അടക്കം ആറുപേരെ സി.ബി. ഐ. നുണപരിശോധനയ്ക്കു വിധേയരാക്കിയിരുന്നു.
2016 മാർച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ ‘പാഡി’യിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ട് മരിക്കുകയായിരുന്നു.
Content Highlights: Liver cirrhosis is Kalabhavan Mani's death cause
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..