Liju Krishna
സംവിധായകന് ലിജു കൃഷ്ണയ്ക്കെതിരേ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുന്ന പോഷ് നിയമം നടപ്പാക്കണമെന്ന ആവശ്യവുമായി സിനിമയിലെ വനിതകളുടെ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. കേസ് തീര്‍പ്പാക്കുന്നതുവരെ സംവിധായകന് ലിജു കൃഷ്ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നും സിനിമയില്‍ നിന്ന് വിലക്കണമെന്നും ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടു.
ഡബ്ലൂ.സി.സിയുടെ കുറിപ്പ്
കേരള സര്‍ക്കാരും, സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്. മലയാള സംവിധായകന് ലിജു കൃഷ്ണയെ ബലാത്സംഗക്കേസില്‍ ഇന്നലെ അറസ്റ്റു ചെയ്തു. WCC അതിജീവിച്ചവളുടെ കൂടെ നില്‍ക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഈ അവസരത്തില്‍ സിനിമാ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ അതിജീവതക്കൊപ്പം നിന്ന് കൊണ്ട് കൈകൊള്ളേണ്ട അടിയന്തിര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.
1) കേസ് തീര്‍പ്പാക്കുന്നതുവരെ സംവിധായകന് ലിജു കൃഷ്ണയുടെ
എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണം.
2)കേസ് തീര്‍പ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സംവിധായകന് ലിജു കൃഷ്ണയെ വിലക്കണം.
മലയാളം സിനിമാ നിര്‍മ്മാണങ്ങളില്‍ POSH നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇന്ഡസ്ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറന്‍സ് നയവും ഡബ്ല്യുസിസി ആവര്‍ത്തിക്കുന്നു.
കണ്ണൂരില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന, നിവിന്‍ പോളി, സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന 'പടവെട്ട്' സിനിമയുടെ സംവിധായകനാണ് ലിജു. സിനിമ ചിത്രീകരണം നടക്കുമ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2020 ഡിസംബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലത്ത് കാക്കനാട്ടെ ഫ്ളാറ്റില്‍വെച്ചും എടത്തല, കണ്ണൂര്‍ എന്നിവിടങ്ങളില്‍വെച്ചും ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി.യെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ഡബ്ല്യു.സി.സി. ഭാരവാഹികള്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. കമ്മിഷണറുടെ നിര്‍ദേശപ്രകാരം കേസെടുത്ത ഇന്‍ഫോപാര്‍ക്ക് പേലീസ് യുവതിയേയും ഡബ്ല്യു.സി.സി. ഭാരവാഹികളെയും വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് ലിജുവിനെ പിടികൂടിയത്. ഞായറാഴ്ച കണ്ണൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Content Highlights: Liju Krishna, sexual harassment, women in Cinema Collective
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..