പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനെച്ചൊല്ലി മലയാള സിനിമയിൽ തർക്കം നിലനിൽക്കുന്നതിനിടെ പരോക്ഷ പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. പുതിയ സിനിമകള്‍ ഉടന്‍ തുടങ്ങേണ്ടെന്ന് ചില നിർമാതാക്കൾക്ക് എതിർപ്പുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധനേടുന്നത്.
'ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ' എന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഇതിന് തൊട്ടുതാഴെ അഭിപ്രായവുമായി ഒട്ടനവധിപേർ രംഗത്തെത്തി. 'സിനിമ പേരല്ല തീരുമാനമാണ്' എന്നൊരു കുറിപ്പും ഇതിന് തൊട്ടുപിന്നാലെ സംവിധായകൻ പങ്കുവച്ചു.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങേണ്ടെന്ന് നിര്‍മാതാക്കളുടെ അസോസിയേഷന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. സിനിമാരംഗത്ത് ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം നിര്‍മാതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. സിനിമയുടെ നിര്‍മാണച്ചെലവ് 50 ശതമാനമായി കുറയ്ക്കാനും തീരുമാനമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കുംമുമ്പ് പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് തുടങ്ങാന്‍ ധൃതി കാണിക്കേണ്ടെന്നാണ് സംഘടനയുടെ നിലപാട്.
അഭിപ്രായവ്യത്യാസങ്ങൾക്ക് നടുവിൽ ഫഹദ്ഫാസില്‍ നിര്‍മ്മിച്ച് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തിങ്കളാഴ്ച കൊച്ചിയിൽ ആരംഭിച്ചു. ചിത്രീകരണത്തിന് ഫെഫ്കയുടെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിലവിലുള്ള നിര്‍മ്മാണരീതികളില്‍ നിന്നും വ്യത്യസ്തമായാണ് ഫഹദ് ഫാസില്‍ ചിത്രം ഷൂട്ട് ചെയ്യുന്നത്. പുതിയ സിനിമകള്‍ നിര്‍മിക്കരുതെന്ന നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ ചലച്ചിത്ര സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വാണിജ്യ സിനിമയല്ലെന്നും, ഡോക്യുമെന്ററി സ്വഭാവമുള്ള ചിത്രമാണെന്നുമുള്ള വിശദീകരണമാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിക്കുന്നത്.
പുതിയ ചിത്രങ്ങളുടെ ചിത്രീകരണത്തിന് തടസ്സമില്ല. പക്ഷേ നിലവില്‍ റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങിയതിനു ശേഷമേ റിലീസ് ചെയ്യാനാകൂവെന്ന് ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സിനിമാസംഘടനകള്‍ക്കു പോലും വ്യക്തമായ ധാരണയില്ലെന്നാണ് സൂചനകള്‍.
Content Highlights: Lijo Jose Pellissery wants to start a new project amid producers dispute, Lock Down