അഭിനേതാക്കള്‍ ആരെന്ന് ചിന്തിക്കാതെ സംവിധായകന്‍ ആര് എന്ന് നോക്കി സിനിമ കാണുന്ന ഒരു കൂട്ടം പ്രേക്ഷകര്‍ ഉണ്ടായിരുന്നു. ഒരുകാലഘട്ടം കഴിഞ്ഞപ്പോള്‍ അത്തരത്തിലുള്ള പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ മലയാള സിനിമയ്ക്ക് കഴിയാതെ വന്നു. റിയലിസം, നിയോറിയലിസം എന്നീ പദങ്ങള്‍ മലയാള സിനിമയ്ക്ക് അന്യമായി പോകുന്ന അവസ്ഥ വന്നപ്പോഴാണ് ഒരുകൂട്ടം സംവിധായകര്‍ സിനിമയെ മറ്റൊരു പാതയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അതിലൊരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി.
നടന്‍ ജോസ് പെല്ലിശ്ശേരിയുടെ മകന് കുട്ടിക്കാലം മുതലേ സിനിമാമോഹമുണ്ടായിരുന്നു. അച്ഛനോടൊപ്പം തിലകന്റേതടക്കമുള്ള റിഹേഴ്‌സല്‍ ക്യാമ്പുകള്‍ കണ്ട് ശീലിച്ച ലിജോയ്ക്ക് സിനിമാപ്രേമം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. 2010 ല്‍ പുറത്തിറങ്ങിയ നായകന്‍ മുതല്‍ ഈയടുത്ത് പുറത്തിറങ്ങിയ ഈ.മ.യൗ വരെ എത്തിനില്‍ക്കുന്നു ലിജോയുടെ സിനിമായാത്ര. മാതൃഭൂമി കപ്പാ ടി.വി ഹാപ്പിനെസ് പ്രൊജക്ടില്‍ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ലിജോ.
'നാലാംക്ലാസ് വരെ ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചത്. ഡാഡി തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയാണല്ലോ. സിനിമയും നാടകവുമായി അദ്ദേഹം തിരക്കിലായിരുന്നു. നാലാം ക്ലാസ് കഴിഞ്ഞാണ് ഞാന്‍ ഡാഡിയെ ശരിക്കും കാണുന്നത്.
ഒമ്പതാം ക്ലാസില്‍ ഞാന്‍ ഒളിച്ചോടിപ്പോയി. വീട്ടില്‍ നിന്ന്. എനിക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം വേണമെന്ന് തോന്നി. അതിനാണ് അങ്ങനെ ചെയ്തത് (ചിരിക്കുന്നു). എവിടേയ്ക്കാണ് ഒളിച്ചോടിയത് എന്നറിയാമോ അങ്ങ് ദൂരെ തിരുവനന്തപുരത്തേക്ക്. എന്റെ കൂടെ വേറൊരു പയ്യനും ഉണ്ടായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ആളുകള്‍ തിരക്കിയെത്തി. ഒളിച്ചോടി തിരിച്ചു വീട്ടിലേക്ക് വന്നപ്പോള്‍ ഡാഡിയും ഞാനും തമ്മില്‍ ഒരു സംഭാഷണമുണ്ടായി. അത് വളരെ രസകരമായിരുന്നു. ആ സീന്‍ എന്റെ ഒരു സിനിമയ്ക്ക് വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ പറയില്ല.
തിലകന്‍ ചേട്ടന്റെ നാടകം കണ്ടാണ് വളര്‍ന്നത്. ഡാഡിയുടെ മിക്ക നാടകങ്ങളും തിലകന്‍ ചേട്ടനാണ് സംവിധാനം ചെയ്തിരുന്നത്. ഡാഡി തിലകന്‍ ചേട്ടാ എന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ വിളിച്ചത്. ഭയങ്കര രസകരമായിരുന്നു അവരുടെ റിഹേഴ്‌സല്‍. തിലകന്‍ ചേട്ടനൊപ്പം അസിസ്റ്റന്റായി മകന്‍ ഷമ്മി ചേട്ടനും ഉണ്ടാകും. തിലകന്‍ ചേട്ടന്‍ ഭയങ്കര സ്ട്രിക്ട് ആയിരുന്നു. തൃശ്ശൂര്‍ പുതുക്കാട് ഭാഗത്ത് ഏതെങ്കിലും ഓഡിറ്റോറിയത്തിലായിരിക്കും റിഹേഴ്‌സല്‍. ഞാന്‍ അന്ന് ചെറിയ പയ്യനാണ്. തിലകന്‍ ചേട്ടനെ നോക്കി നില്‍ക്കും. ഉച്ച ഭക്ഷണത്തിന്റെ ഇടവേളയില്‍ ഡയലോഗ് തെറ്റിച്ചവരെ തിലകന്‍ ചേട്ടന്‍ സ്‌റ്റേജില്‍ കയറ്റി നിര്‍ത്തി പ്രാക്ടീസ് ചെയ്യിപ്പിക്കും. ശരിയാക്കുന്നതുവരെ തിലകന്‍ ചേട്ടന്‍ വിടില്ല. ക്ഷമ നശിച്ചാല്‍ തിലകന്‍ പച്ചത്തെറിയാണ് പറയുക. രസം എന്താണെന്ന് വച്ചാല്‍ മൈക്കെല്ലാം സെറ്റ് ചെയ്താണ് പ്രാക്ടീസ്. നല്ല എക്കോ ഉണ്ടായിരിക്കും. തിലകന്‍ ചേട്ടന്‍ 'മ' 'പ' ചേര്‍ത്ത് തെറി വിളിക്കുമ്പോള്‍ അത് ഓഡിറ്റോറിയത്തില്‍ മുഴങ്ങും. പിന്നെ പൊട്ടിച്ചിരിയായിരിക്കും.
ഞാന്‍ പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ ഡാഡിയോട് പോയി പറഞ്ഞു എനിക്ക് ആരുടെയെങ്കിലും സിനിമയില്‍ വര്‍ക്ക് ചെയ്യണമെന്ന്. അപ്പോൾ ഡാഡി പറഞ്ഞു. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ ഡാഡി വിശദീകരിച്ചു. പത്താം ക്ലാസ് കഴിഞ്ഞ ഒരു പയ്യനെ ആരും ഗൗരവകരമായി എടുക്കില്ല. കുട്ടിക്കളിയാണെന്നേ കരുതൂ. പോയി പഠിക്കുക, ജീവിതം എന്താണെന്ന് മനസ്സിലാക്കുക. എന്നിട്ടും സിനിമ വേണം എന്ന് തോന്നുകയാണെങ്കില്‍ ചെയ്യണം. ഡാഡി പറഞ്ഞതുപോലെ ഞാന്‍ ഡിഗ്രി, പി.ജി എല്ലാം ചെയ്തു. അതുകഴിഞ്ഞ് പരസ്യകമ്പനിയില്‍ ജോലി നോക്കി. പക്ഷേ വാടകയ്ക്ക് പോലും പൈസ തികഞ്ഞില്ല. വീട്ടില്‍ നിന്ന് പറഞ്ഞു എം.ബി.എ കഴിഞ്ഞ ഒരാള്‍ക്ക് ചെലവിന് പൈസ തരുന്നതല്ല എന്ന്. പിന്നേ ടൈല്‍സ് കമ്പനിയുടെ മാനേജരായി. അത് വില്‍ക്കാന്‍ നടന്നു. അതൊക്കെ രസമായിരുന്നു.'
Content Highlights: Lijo jose pellissery The Happiness Project interview movies family life Ee.Ma.Yau