'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?' എന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്സ്ബുക്കിൽ കുറിച്ചപ്പോൾ അതൊരു ആവേശത്തിൽ പറഞ്ഞതായിരിക്കുമെന്നാണ് പലരും കരുതിയത്. എന്നാൽ വെറും പറച്ചിലല്ല അത് തീരുമാനം തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് സംവിധായകൻ. 'എ' എന്നാണ് പുതിയ സിനിമയുടെ പേരെന്നും ജൂലൈ 1 ന് ഷൂട്ടിങ് ആരംഭിക്കുമെന്നുമാണ് ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ട് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനെച്ചൊല്ലി മലയാള സിനിമയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയായിരുന്നു 'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?' എന്ന പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തു വന്നത്. പുതിയ സിനിമകള്‍ ഉടന്‍ തുടങ്ങുന്നതിൽ ചില നിര്‍മാതാക്കള്‍ എതിര്‍പ്പു പ്രകടിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ഇത്തരമൊരു പരാമർശവുമായി എത്തിയത്.  

ഫെയ്സ്ബുക്ക് കുറിപ്പ് വന്നതോടെ അഭിപ്രായവുമായി നിരവധിപ്പേരെത്തി. 'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?' എന്നത് ചെയ്യാൻ പോകുന്ന പുതിയ സിനിമയുടെ പേരാണെന്നാണ് പലരും ധരിച്ചത്. എന്നാൽ 'സിനിമയുടെ പേരല്ല തീരുമാനമാണ്' എന്നൊരു കുറിപ്പും ഇതിന് തൊട്ടുപിന്നാലെ സംവിധായകന്‍ പങ്കുവച്ചു. ഉടൻ തന്നെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ. 

lijo jose pellissery

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങേണ്ടെന്ന് നിര്‍മാതാക്കളുടെ അസോസിയേഷന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ലിജോയുടെ പരാമർശം വന്നത്. സിനിമാരംഗത്ത് ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവും നിര്‍മാതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. സിനിമയുടെ നിര്‍മാണച്ചെലവ് 50 ശതമാനമായി കുറയ്ക്കാനും തീരുമാനമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കുംമുമ്പ് പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് തുടങ്ങാന്‍ ധൃതി കാണിക്കേണ്ടെന്നായിരുന്നു സംഘടനയുടെ നിലപാട്.

എന്നാല്‍ ചിത്രീകരണത്തിന് തടസ്സമില്ലെന്നും പുതിയ സിനിമകളുടെ റിലീസ് നിലവില്‍ റിലീസ് ചെയ്യാനുള്ളവയ്ക്കു ശേഷം മതിയെന്നുമാണ് ഫെഫ്കയുടെ നിലപാട്.

Content Highlights : lijo jose pellissery new movie poster out fb post corona virus lockdown