ലിജോ ജോസ് പെല്ലിശ്ശേരി| Photo Credit: IFFK
തിരുവനന്തപുരം: ഏത് മീഡിയത്തില്‍ സിനിമ കാണണമെന്നും അതെങ്ങനെ കാണണമെന്നും തീരുമാനിക്കുന്നത് പ്രേക്ഷകരാണെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഞാനിത്ര ദിവസം സിനിമ ഓടിക്കും എന്ന് പറയാന്‍ ഒരു ചലച്ചിത്രകാരനും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് നടന്ന സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രേക്ഷകര്‍ എല്ലാവരും തിയേറ്ററില്‍ സിനിമ കാണണമെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍. പക്ഷേ ജീവിതവും ടെക്‌നോളജിയുമെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. ആളുകളുടെ കാഴ്ചപ്പാടും. പബ്ജി കളിക്കുന്ന ഒരാളെ സംബന്ധിച്ച് ഫോണില്‍ സിനിമ കാണുക എന്നുപറയുന്നത് എളുപ്പമാണ്.
നേരത്തെ സംവിധായകനേയും താരങ്ങളേയും നിര്‍മാതാവിനേയുമെല്ലാം ഒരു പിരമിഡിന് ഏറ്റവും മുകളിലെന്നപോലെയാണ് വച്ചിരുന്നതെങ്കില്‍ ഇന്ന് പ്രേക്ഷകരാണ് അവര്‍ക്ക് മുകളില്‍ നില്‍ക്കുന്നത്. തിയേറ്ററിലോ, ടിവിയിലോ, മൊബൈല്‍ സ്‌ക്രീനിലോ തുടങ്ങി സിനിമ എവിടെ കാണണമെന്ന് അവര്‍ തീരുമാനിക്കും. ഇവിടെ കണ്ടാല്‍മതി, ഞാനിത്ര ദിവസം സിനിമ ഓടിക്കും എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല.
ക്രിയേറ്റീവ് സ്‌പേസ് എന്നതിന്റെ ആശയംതന്നെ മാറിക്കഴിഞ്ഞു. എന്താണ് കാണേണ്ടതെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. ഓടിച്ച് കാണണോ, നിര്‍ത്തി നിര്‍ത്തി കാണണോ, ഒരു ഫ്രെയിം മാത്രമെടുത്ത് കാണണോ എന്നെല്ലാം അവര്‍ തീരുമാനിക്കും.
ചുരുളി കുറേ സമയമെടുത്ത് ചെയ്ത ചിത്രമാണ്. ചിത്രമിറങ്ങിയശേഷം ഒരുപാട് ചര്‍ച്ചകള്‍ വന്നു. അതില്‍ക്കൂടുതലായി ഒന്നും പറയാനില്ല. ചര്‍ച്ചകളിലെല്ലാം സന്തോഷവാനാണ്. ഓരോ സിനിമ കഴിയുമ്പോഴും അടുത്ത സിനിമയിലേക്കുള്ള യാത്രയ്ക്കിടെ നമ്മള്‍ക്ക് ചില മാറ്റങ്ങളുണ്ടാവും. അഞ്ചുവര്‍ഷം മുമ്പ് നമ്മളെടുത്ത ഒരു തീരുമാനത്തേക്കുറിച്ച് ഇപ്പോളാലോചിക്കുമ്പോള്‍ അത് നിസ്സാരമാണെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Lijo Jose Pellissery, IFFK 2022, Theater Release, OTT, Churuli Movie, Creative space
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..