ലോക്ഡൗണ്‍ നീണ്ടുപോകുന്നതിനാല്‍ മലയാളം സിനിമകള്‍ അടക്കമുള്ളവ ഓണ്‍ലൈന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുകയാണെന്ന് നിര്‍മാതാവ് വിജയ് ബാബു അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ ജയസൂര്യയുടെയോ വിജയ് ബാബുവിന്റെയോ ചിത്രങ്ങള്‍ ഇനിമുതല്‍ തീയേറ്റര്‍ കാണുകയില്ലെന്ന ഭീഷണിയുമായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭീഷണിയുമായി രംഗത്തുവന്നിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.
സംവിധായകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
തങ്ങളുടെ സിനിമകള്‍ എവിടെ പ്രദര്‍ശിപ്പിക്കണമെന്നു നിര്‍മാതാക്കളും ഏതു സിനിമ പ്രദര്‍ശിപ്പിക്കണമെന്നു തീയേറ്റേഴ്സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോള്‍ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്.
നിലവില്‍ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്‍ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം.
ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്
ജയസൂര്യയും അദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'സൂഫിയും സുജാത'യും. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം തീയേറ്റര്‍ പ്രദര്‍ശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന 'സൂഫിയും സുജാത'യും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇതുവരെയുള്ള സംരംഭങ്ങളില്‍ ഏറ്റവും മികച്ചതാവാന്‍ സാധ്യതയുള്ള സിനിമയാണെന്ന് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററിനൊപ്പം വിജയ് ബാബു ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. നിരൂപകശ്രദ്ധ നേടിയെടുത്ത 'കരി' എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്. രണ്ട് തമിഴ് സിനിമകളും രണ്ട് കന്നഡ ചിത്രങ്ങളും അമിതാഭ് ബച്ചന്റേതടക്കം രണ്ട് ഹിന്ദി ചിത്രങ്ങളും ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നുണ്ട്.
Content Highlights : lijo jose pellissery fb post online release of sufiyum sujathayum other films jayasurya vijay babu