താന്‍ ഇനി മുതല്‍ സ്വതന്ത്ര സംവിധായകനാണെന്നും തന്റെ ചിത്രം എവിടെ പ്രദര്‍ശിപ്പിക്കണമെന്നുള്ളത് താന്‍ തീരുമാനിക്കുമെന്നും വ്യക്തമാക്കി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒടിടി റിലീസിന് ചില ചിത്രങ്ങള്‍ തയ്യാറെടുക്കുകയും അതിനെതിരേ ഒരു  വിഭാഗം രംഗത്ത് വരികയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ലിജോയുടെ പോസ്റ്റ്. ഇതിനോടൊപ്പം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റ് വൈറലാവുകയാണ്.

ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്‍മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ലിജോ പങ്കുവച്ച കുറിപ്പ്

'എന്നെ സംബന്ധിച്ചിടത്തോളം സിനിമ, പണം സമ്പാദിക്കാനുള്ള യന്ത്രമല്ല, മറിച്ച് എന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണ്. അതിനാല്‍ ഇന്ന് മുതല്‍ ഞാന്‍ ഒരു സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകനാണ്. സിനിമയില്‍ നിന്ന് ഞാനുണ്ടാക്കുന്ന പണം മുഴുവന്‍ മികച്ച സിനിമയുണ്ടാക്കാന്‍ ഉപയോഗിക്കും. എന്റെ സിനിമ എനിക്ക് ശരിയെന്ന് തോന്നുന്നിടത്ത് ഞാന്‍ പ്രദര്‍ശിപ്പിക്കും, കാരണം ഞാനാണ് അതിന്റെ സൃഷ്ടാവ്.

നമ്മള്‍ ഒരു മഹാമാരിയുടെ നടുവിലാണ്. ഒരു യുദ്ധമാണിത്. തൊഴില്‍ രഹിതരായ ആളുകള്‍, സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം, മതപരമായ ഉത്കണ്ഠ. വീടുകളിലെത്താന്‍ ആളുകള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നടക്കുന്നു. കലാകാരന്മാര്‍ വിഷാദത്തെ തുടര്‍ന്ന് മരിക്കുന്നു. അതിനാല്‍... ജീവിച്ചിരിക്കുന്നതായി തോന്നാന്‍, ആളുകളെ പ്രചോദിപ്പിക്കുന്നതിനായി, അവര്‍ക്ക് ഏതെങ്കിലും രൂപത്തില്‍ പ്രതീക്ഷ നല്‍കുന്നതിനായി മികച്ച കലാസൃഷ്ടികള്‍ ഉണ്ടാക്കേണ്ട സമയമാണിത്. ജോലി ചെയ്യുന്നത് നിര്‍ത്താന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്. കലാസൃഷ്ടികള്‍ ഉണ്ടാക്കരുതെന്ന് ഞങ്ങളോട് ആവശ്യപ്പെടരുത്. ഞങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യരുത്. ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. നിങ്ങള്‍ക്ക് നഷ്ടമേ സംഭവിക്കൂ.. കാരണം ഞങ്ങള്‍ കലാകാരന്മാരാണ്' ലിജോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

lijo

കഴിഞ്ഞ ദിവസമാണ് ലിജോ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്.  എ എന്ന്  പേര് നല്‍കിയിരിക്കുന്ന ചിത്രം ജൂലായ് ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്നും ലിജോ അറിയിച്ചിരുന്നു. ഇതിന് മുമ്പ്  ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാ ആരാടാ തടയാന്‍' എന്ന് കുറിപ്പോടെ ലിജോ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റും വലിയ ചര്‍ച്ചയായി മാറിയിരുന്നു.

Content Highlights : Lijo jose pellisery Independent film Maker Says he will screen my cinema anywhere he feel is right