അതികഠിനമായ വരള്‍ച്ചയെ നേരിടുകയാണ് ചെന്നൈ നഗരം. കുടിക്കാന്‍ ഒരു തുള്ളി ശുദ്ധ ജലത്തിനായി പലയിടത്തും ആളുകള്‍ നെട്ടോട്ടം ഓടുകയാണ്. ഈ അവസ്ഥയില്‍ തന്റെ ആശങ്കകള്‍ പങ്കുവച്ചിരിക്കുകയാണ് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ.

കുടിവെളളത്തിനായി ഒരു കിണറിന് ചുറ്റും സ്ത്രീകള്‍ കൂടി നില്‍ക്കുന്ന ചിത്രം പങ്കവച്ചുകൊണ്ടാണ് ചെന്നൈ പട്ടണം നേരിടുന്ന ഭീകരാവസ്ഥയെക്കുറിച്ചുള്ള തന്റെ ആകുലത ഡികാപ്രിയോ പങ്കുവച്ചത്.  മഴയ്ക്കു മാത്രമേ ചെന്നൈയെ ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കാനാകൂ എന്ന് ഡികാപ്രിയോ പറയുന്നു.

'മഴയ്ക്ക് മാത്രമേ ചെന്നൈയേ ഈ അവസ്ഥയില്‍ നിന്നു രക്ഷിക്കാനാകൂ...വെള്ളം വറ്റിയ കിണര്‍, വെള്ളമില്ലാത്ത ഒരു നഗരം. പ്രധാനപ്പെട്ട നാല് ജലസ്രോതസ്സുകള്‍ തീര്‍ത്തും വറ്റിയതോടെ ഇന്ത്യയിലെ തെക്കേ അറ്റത്തെ പട്ടണമായ ചെന്നൈ വലിയ പ്രതിസന്ധി നേരിടുകയാണ്. ഗവണ്‍മെന്റ് കൊണ്ടുവരുന്ന വെള്ളം ലഭിക്കുന്നതായി ആളുകള്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. 

വെള്ളം കിട്ടാനില്ലാതായതോടെ ഹോട്ടലുകളും മറ്റുസ്ഥാപനങ്ങളും അടച്ചുതുടങ്ങി, മെട്രോയില്‍ എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. അധികാരികള്‍ വെള്ളത്തിനായി മറ്റുമാര്‍ഗങ്ങള്‍ തേടുന്നു.എന്നാല്‍ ഒരു ജനത മഴയ്ക്കായി പ്രാര്‍ഥിക്കുന്നു'-ഡികാപ്രിയോ കുറിച്ചു.

Leonardo Dicaprio

ഓസ്‌കര്‍ പുരസ്‌കാര ജേതാവായ ഡികാപ്രിയോ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ്. നേരത്തെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയാറാക്കുന്നതിന്റെ ഭാഗമായി ഡികാപ്രിയോ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.  ഡികാപ്രിയോ സ്ഥാപിച്ച ദ് ലിയനാര്‍ഡോ ഡികാപ്രിയോ ഫൗണ്ടേഷന്‍ എന്ന സംരംഭം പരിസ്ഥിതി സംരക്ഷണത്തത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും രാജ്യാന്തരതലത്തില്‍ നടക്കുന്ന പ്രോജക്ടുകളെ എകീകരിക്കാനും  വേണ്ടിയുള്ളതാണ്‌.

Content Highlights : Leonardo Dicaprio On Chennai drought Says only rain can save Chennai from this situation