രണ്ട് അപരിചിതര്‍ തമ്മിലുള്ള ഡിജിറ്റല്‍ ആശയവിനിമയവും തുടര്‍ന്ന് ഒരാള്‍ എങ്ങനെ അതിനുള്ളില്‍ കുടുങ്ങിപ്പോകുന്നുവെന്നും പറയുന്ന സിനിമയാണ് നവാഗതനായ ജയപ്രകാശ് രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ലെന്‍സ്. സസ്‌പെന്‍സ് സ്വഭാവമുള്ള ചിത്രം ആദ്യാവസാനം വരെ പ്രേക്ഷകരില്‍ ആകാംക്ഷ നിലനിര്‍ത്തുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 

ശനിയാഴ്ച്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ മുഖംമൂടിയണിഞ്ഞ് രണ്ട് പേര്‍ നടത്തുന്ന വീഡിയോ ചാറ്റിങ്ങാണ് പ്രധാനമായും കാണിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ്. ലെന്‍സ് എല്ലാവരും തിയേറ്ററുകളില്‍ പോയി കാണണമെന്നും തന്നെ വല്ലാതെ സ്പര്‍ശിച്ച ചിത്രമാണിതെന്നും ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

ജൂണ്‍ 17ന് 25 തിയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്യുന്ന ലെന്‍സ് കൂടുതല്‍ തിയേറ്ററുകളിലെത്തിക്കാന്‍ പ്രേക്ഷകര്‍ ശ്രമിക്കണമെന്നും താരസാന്നിധ്യമില്ലാത്തത് കൊണ്ട് അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോകരുതെന്നും ലാല്‍ ജോസ് എഫ്ബി പോസ്റ്റില്‍ പറയുന്നു. എസ്.ആര്‍ കതിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ലെന്‍സിന്റെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് വിപിനാണ്.