മീ ടൂ കാമ്പയിനില്‍ നടി ലേഖാ വാഷിങ്ടണ്‍ സിമ്പുവിനെ പരോക്ഷമായി പരാമര്‍ശിച്ചുവെന്നാരോപിച്ച് നടന്റെ ആരാധകരുടെ സൈബര്‍ ആക്രമണം. 

ജി.ടി നന്ദു സംവിധാനം ചെയ്ത കെട്ടവനില്‍ ലേഖ വാഷിങ്ടണ്‍ ആയിരുന്നു സിമ്പുവിന്റെ നായിക. സിമ്പുവും അണിയറ പ്രവര്‍ത്തകരും തമ്മിലുള്ള അഭിപ്രായ വ്യത്യസങ്ങളെ തുടര്‍ന്ന ചിത്രം റിലീസായില്ല.

വണ്‍ വേര്‍ഡ്; കെട്ടവന്‍ മീ ടൂ എന്നായിരുന്നു ലേഖയുടെ ട്വീറ്റ്. ഇത് സിമ്പുവിനെ ഉദ്ദേശിച്ചാണ് എന്ന തരത്തില്‍ ചിലര്‍ വ്യാഖ്യാനിച്ചു. തുടര്‍ന്നായിരുന്നു കടുത്ത സൈബര്‍ ആക്രമണം. 

സംഭവം വിവാദമായതോടെ സിമ്പുവിന്റെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി. ലേഖയുടെ ട്വീറ്റുമായി സിമ്പുവിന് യാതൊരു ബന്ധമില്ലെന്നും നടന്റെ പേരുപയോഗിച്ച് പ്രശ്‌നം വഷളാക്കരുതെന്നും വക്താവ് പറഞ്ഞു. 

നൂറ് കണക്കിനാളുകളാണ് കെട്ടവന്‍ സിനിമയുമായി സഹകരിച്ചിരുന്നത്. അതുകൊണ്ടു തന്നെ ലേഖയുടെ പരാമര്‍ശം ആരെക്കുറിച്ചാണ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

കെട്ടവന്‍ മുടങ്ങിപ്പോയത് സിമ്പു കാരണമാണെന്ന് ആരോപിച്ച് ജി.ടി നന്ദു രംഗത്ത് വന്നിരുന്നു. 

ഇതേക്കുറിച്ച് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു:

ആദ്യം ഞാന്‍ സിമ്പുവിനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ ധനുഷിനെ സമീപിക്കാമെന്ന് തീരുമാനിച്ചു. പക്ഷേ തൊട്ടു പിന്നാലെ സിമ്പു ചിത്രത്തില്‍ അഭിനയിക്കാമെന്ന് സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നു. ഷൂട്ടിങ് തുടങ്ങുകയും ചെയ്തു. കുറച്ച് ദിവസത്തിന് ശേഷമാണ് ഞങ്ങള്‍ ധനുഷിനെ മുന്‍പ് പരിഗണിച്ചിരുന്നുവെന്ന വിവരം സിമ്പു അറിയുന്നത്. ഈ കാരണം പറഞ്ഞ് ദേഷ്യപ്പെട്ട് സിമ്പു സിനിമയില്‍ നിന്ന് പുറത്ത് പോയി-നന്ദു പറഞ്ഞു.

സിമ്പുവിന് ധനുഷിനോട് കടുത്ത അസൂയയാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: lekha washington me too campaign kettavan movie simbu gt nandhu fans attack