ലെജൻഡ് സിനിമയിലെ രംഗങ്ങൾ
സ്വന്തം സ്ഥാപനത്തിന്റെ മോഡലായി ഉടമ തന്നെ അഭിനയിക്കുന്നു. ഒപ്പം താരസുന്ദരിമാരായ ഹന്‍സികയും തമന്ന ഭാട്ടിയയും. അന്ന് മുതലാണ് ശരവണന്‍ അരുള്‍ എന്ന വ്യവസായി വലിയ ശ്രദ്ധനേടുന്നത്. തമിഴ്‌നാട്ടില്‍ വളരെ തരംഗം സൃഷ്ടിച്ച പരസ്യചിത്രമായിരുന്നു അത്. ഇത്തരത്തിലുള്ള വ്യത്യസ്തമായ വിപണന തന്ത്രങ്ങള്‍ തന്നെയാണ് ശരവണന്‍ അരുളിന്റെ വിജയവും. ആദ്യമായി സിനിമയില്‍ അഭിനയിക്കുമ്പോഴും അദ്ദേഹം ആ പതിവ് തെറ്റിച്ചില്ല.
ദ ലെജന്‍ഡ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഈ അന്‍പത്തിരണ്ടുകാരന്‍. സംവിധായകരായ ജെഡി-ജെറി ജോഡിയാണ് 'ദ് ലെജന്‍ഡ്' സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ശരവണന്റെ സ്വപ്‌ന പദ്ധതിയാണ് ഈ സിനിമ. 2019ല്‍ ഷൂട്ടിങ്ങ് തുടങ്ങിയ ചിത്രത്തിന് കോവിഡ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയ സെറ്റുകളിലും വിദേശരാജ്യങ്ങളിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു സിനിമ ചിത്രീകരിച്ചത്.
2015 മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഉര്‍വശി റൗട്ടേല, ഗീതിക തിവാരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഹാരിസ് ജയരാജ് സംഗീത സംവിധാനം ചെയ്ത പാട്ടുകള്‍ വലിയ തരംഗമായിരുന്നു. വൈരമുത്തു, കബിലന്‍, മദന്‍ കാര്‍ക്കി, പാ. വിജയ്, സ്‌നേഹന്‍ എന്നിവരാണ് പാട്ടെഴുതിയിരിക്കുന്നത്. പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാര്‍, നാസര്‍, മയില്‍സാമി, കോവൈ സരള, മന്‍സൂര്‍ അലിഖാന്‍ എന്നിങ്ങനെ വലിയ താരനിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നിര്‍മാണവും ശരവണന്‍ തന്നെ.
ബിഗ് ബജറ്റില്‍ അഞ്ചുഭാഷകളില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രത്തെ നാഷ്ണല്‍ സിനിമ എന്നാണ് അരുള്‍ വിശേഷിപ്പിച്ചത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അദ്ദേഹം കേരളത്തിലെത്തിയിരുന്നു. വന്‍തുകയാണ് ചിത്രത്തിന്റെ പ്രമോഷനായി അദ്ദേഹം മുടക്കുന്നത്. കൊച്ചിയില്‍ ശരവണന്‍ വിമാനമിറങ്ങി പുറത്തേക്ക് വന്നത് വലിയ കാഴ്ചയായിരുന്നു. വിമാനത്താവളത്തില്‍ അദ്ദേഹത്തെ പൂമാല അണിയിച്ച് വരവേറ്റു കൂടാതെ അദ്ദേഹം സഞ്ചരിച്ച ആഡംബര കാറിന് അകമ്പടി സേവിച്ച് ബുള്ളറ്റില്‍ യുവാക്കളുമുണ്ടായിരുന്നു. ലെജന്‍ഡ് ചിത്രത്തിന്റെ പോസ്റ്റര്‍ അണിഞ്ഞ ടീഷര്‍ട്ട് ഇവര്‍ ധരിച്ചിരുന്നത്.
ആരാണ് ശരവണന്‍
ചെന്നൈയില്‍ ജീവിക്കുന്നവര്‍ക്ക് ഒരിക്കലും ശരവണ സ്‌റ്റോഴ്‌സ് അറിയാതെ തരമില്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വ്യാപാരത്തില്‍ വേരുറപ്പിച്ച കുടുംബമാണ് ശരവണന്‍ അരുളിന്റേത്. 1970 കളില്‍ സെല്‍വരത്‌നം, യോഗരത്‌നം, രാജരത്‌നം എന്നീ സഹോദരന്‍മാര്‍ ടി നഗര്‍ രംഗനാഥന്‍ തെരുവില്‍ 'ഷണ്‍മുഖാ സ്റ്റോഴ്‌സ്' എന്ന പേരില്‍ ചെറിയൊരു പാത്രക്കട തുടങ്ങി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശരവണ സ്റ്റോഴ്‌സ് എന്ന പേരില്‍ തുണക്കടയും ആരംഭിച്ചു. സെല്‍വരത്‌നത്തിന്റെ മകനാണ് ശരവണന്‍ അരുള്‍. സ്വത്ത് ഭാഗം ചെയ്തതിന് ശേഷം ചെന്നൈയിലെ പ്രധാന സ്റ്റോറുകളുടെ ഉടമ ശരവണന്‍ ആയി മാറി. ഇന്ന് ദ ന്യൂ ലെജന്‍ഡ് ശരവണന്‍ സ്‌റ്റോര്‍ എന്ന പേരില്‍ ഒരു വലിയ ഷോപ്പിങ് കോംപ്ലക്‌സും ശരവണന് സ്വന്തമായുണ്ട്. ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം അവിടെ വില്‍ക്കുന്നു.
Content Highlights: Saravanan Arul, who is saravanan arul, Legnend Movie Actor, Business Magnet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..