തിയ്യറ്ററിൽ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് അമൽ നീരദ്-ഫഹദ് കൂട്ടുകെട്ടിന്റെ വരത്തൻ. എന്നാൽ ഇപ്പോൾ ഒരു കുടുംബത്തെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയിൽ കോടതി കയറാൻ ഒരുങ്ങുകയാണ് ചിത്രം.

തങ്ങളെ മോശമായി ചിത്രീകരിച്ചു എന്നു കാണിച്ച് അണിയറ പ്രവർത്തകർക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് എറണാകുളത്തെ പാപ്പാളി കുടുംബാംഗങ്ങൾ.

അഭിഭാഷകരായ രാജേഷ് കെ രാജു, രാകേഷ് വി.ആര്‍ എന്നിവര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തി വെയ്ക്കണം എന്നാവശ്യപ്പെട്ടാണ് കുടുംബാംഗങ്ങൾ  എറണാകുളം മുന്‍സിഫ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്. സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്തുകള്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.

ചിത്രത്തിലെ വില്ലന്‍ വേഷം കൈകാര്യം ചെയ്തവരുടെ കുടുംബപ്പേരായി ഉപയോഗിച്ചത് പാപ്പാളി എന്നായിരുന്നു. സമൂഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്നവരും ബഹുമാന്യരുമായ കുടുബത്തിന്റെ പേര് ചിത്രത്തില്‍ അപകീര്‍ത്തികരമായി ഉപയോഗിച്ചു എന്നാണ് ഹരജിക്കാർ ആരോപിച്ചത്. ജിവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല എന്ന പ്രസ്താവന സിനിമയില്‍ നല്‍കിയിട്ടില്ല എന്നും പരാതിയില്‍ ആരോപിക്കുന്നു.

തിരക്കഥാകൃത്തുക്കളില്‍ ഒരാളായ തൃപ്പൂണിത്തുറ സ്വദേശി സുഹാസിന് പപ്പാളി കുടുംബത്തെ വ്യക്തമായി അറിയാമെന്നും ബോധപൂര്‍വം പേര് ഉപയോഗിച്ച് തങ്ങളെ സമൂഹത്തിന് മുന്നില്‍ മോശമായി ചിത്രീകരിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

ഒരു ഇംഗ്ലീഷ് മാധ്യമത്തില്‍ വരത്തന്‍ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ കഥയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതാണ് പരാതിയുടെ അടിസ്ഥാനം.

"സിനിമയുടെ പ്രദര്‍ശനം നിര്‍ത്തലാക്കാനാണ് ഹര്‍ജി കൊടുത്തിരിക്കുന്നത്. സിനിമയില്‍ പാപ്പാളി എന്ന് കുടുംബത്തെ മോശമായും സാമൂഹിക വിരുദ്ധരായിട്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമ തുടങ്ങുമ്പോള്‍ കഥാപാത്രങ്ങളെല്ലാം സാങ്കൽപികമാണ് എന്ന് കൊടുക്കേണ്ടതാണ്. എന്നാല്‍ ഈ സിനിമയില്‍ അത്തരത്തില്‍ കൊടുത്തിട്ടില്ല. സമൂഹത്തില്‍ ബഹുമാന്യരായ വ്യക്തികളാണ് പാപ്പാളി കുടുംബം. ഇവര്‍ എറണാകുളത്തെ വലിയ കുടുംബമാണ്. എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ ഇവരുടെ കുടുബത്തിന്റെ പേരിലുള്ള ഹാള്‍ തന്നെയുണ്ട്. 

സിനിമയില്‍ കുടുംബത്തെ മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതി. ഈ ചിത്രത്തിന്റെ സിഡി സമര്‍പ്പിക്കാനായി പരാതിയില്‍ അഭ്യഥിച്ചിട്ടുണ്ട്. മാത്രമല്ല എല്ലാവർക്കും നോട്ടിസ് അയച്ചിട്ടുമുണ്ട്. വെള്ളിയാഴ്ച്ചയാണ് കേസിൽ വാദം കേൾക്കുന്നത്. ഇപ്പോള്‍ ഈ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുക എന്നാണ് പ്രധാന ആവശ്യം. അതിനുശേഷം ഇരു കക്ഷികളുമായി കൂടിയാലോചിച്ച് മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കും"-അഭിഭാഷകനായ രാജേഷ് കെ.രാജു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

എന്നാല്‍, തിരകഥാകൃത്ത് സുഹാസ് ആരോപണങ്ങൾ നിഷേധിച്ചു. " എനിക്ക് ഇതുവരെ ഇതു സംബന്ധിച്ച് നോട്ടീസൊന്നും ലഭിച്ചിട്ടില്ല. ഈ വിഷയത്തെ കുറിച്ച് കൂടുതലായി ഒന്നും എനിക്കറിയല്ല. ഞാന്‍ വൈറസ് സിനമയുടെ ജോലിയോടനുബന്ധിച്ച് കോഴിക്കോടാണ്. വരത്തന്‍ ഒരു സാങ്കല്‍പിക കഥയാണ്. ആ കുടുംബത്തെ കുറിച്ച് എനിക്ക് യാതൊന്നും അറിയില്ല. താന്‍ എറണാകുളം സ്വദേശിയായതിനാലാണോ ഇത്തരത്തില്‍ എന്റെ പേരില്‍ ആരോപണം ഉന്നയിച്ചത് എന്നറിയില്ല"-സുഹാസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ContentHighlights: Legal Notice against varathan movie, varathan malayalam movie, nazriya nazim, fahad faazil, amal neerad, pappali family