ലീന മണിമേഖല | ഫോട്ടോ: ജെ. ഫിലിപ്പ് | മാതൃഭൂമി
ചെന്നൈ: പുകവലിക്കുന്ന കാളീദേവിയുടെ പോസ്റ്ററിന്റെ പേരിൽ നിയമനടപടി നേരിടുന്ന ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖല പരമശിവന്റെയും പാർവതിയുടെയും വേഷമിട്ടവർ പുകവലിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് തിരിച്ചടിച്ചു. ഇത് തന്റെ സിനിമയിലെ രംഗമല്ലെന്നും ഗ്രാമീണ ഇന്ത്യയിലെ നാടൻകലാകാരൻമാരുടെ ജീവിതമാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് അവർ സാമൂഹികമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചത്.
തമിഴ്നാട്ടിലെ മധുരയിൽ ജനിച്ച് കാനഡയിലെ ടൊറന്റോയിൽ കഴിയുന്ന ലീന തന്റെ പുതിയ ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിവാദം തുടങ്ങിയത്. കാളീദേവിയുടെ വേഷമിട്ട ഒരു സ്ത്രീ പുകവലിക്കുന്ന ദൃശ്യമായിരുന്നു പോസ്റ്ററിൽ. ഹിന്ദുദൈവങ്ങളെ അവഹേളിച്ച ലീനയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം തുടങ്ങുകയും പല പോലീസ് സ്റ്റേഷനുകളിലും പരാതിയെത്തുകയും ചെയ്തു.
ഉത്തർപ്രദേശ്, ഹരിയാണ, മധ്യപ്രദേശ് സർക്കാരുകൾ ലീനയുടെ പേരിൽ കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന്റെ പരാതിയെത്തുടർന്ന് ടൊറന്റോയിലെ ആഗാഖാൻ മ്യൂസിയത്തിൽ നടക്കുന്ന റിഥം ഓഫ് കാനഡ മേളയിൽനിന്ന് ഈ സിനിമ ഒഴിവാക്കുകയും ചെയ്തു. അതിനുപിന്നാലെയാണ് ഏതോ കലാപരിപാടിക്കായി പരമശിവന്റെയും പാർവതിയുടെയും വേഷമിട്ടവർ ഇടവേളയിൽ പുകവലിക്കുന്ന ചിത്രം ലീന പങ്കുവെച്ചത്.
ലീന മണിമേഖലയ്ക്കെതിരേ തിരച്ചിൽ നോട്ടീസ്
ഭോപാൽ: സംവിധായിക ലീന മണിമേഖലക്കെതിരേ മധ്യപ്രദേശ് സർക്കാരിന്റെ തിരച്ചിൽ നോട്ടീസ്. ഡോക്യുമെന്ററി സിനിമാപോസ്റ്ററിൽ കാളീദേവിയെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി.
തിരച്ചിൽ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞതിനുതൊട്ടുപിന്നാലെയാണിത്.
സംഭവവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നത് പരിശോധിക്കണമെന്ന് ട്വിറ്ററിന് കത്തെഴുതുമെന്നും നരോത്തം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..