കോവിഡ് ബാധിച്ച് മരിച്ച ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് (66) കുംഭ മേളയിൽ പങ്കെടുത്തിരുന്നതായി മകനും സംഗീത സംവിധായകനുമായ സഞ്ജീവ്. ഇന്ത്യൻ എക്സ്പ്രസിനോടാണ് സഞ്ജീവ് ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രാവണും ഭാര്യയും കുംഭമേളയിൽ പങ്കെടുത്തശേഷം ഏതാനും ദിവസം മുൻപാണ് തിരിച്ചെത്തിയതെന്ന് സഞ്ജീവ് പറയുന്നു. പിന്നീടാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ സഞ്ജീവിനും സഹോദരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെങ്കിലും അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ സഹോദരന് അനുമതി ലഭിച്ചിട്ടുണ്ടെന്നും സഞ്ജീവ് വ്യക്തമാക്കി. 

കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ശ്രാവണിന്റെ അന്ത്യം. 

മാഹിമിലെ എസ്.എല്‍ റഹേജ ആശുപത്രിയിലാണ് ശ്രാവണ്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സഞ്ജീവാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. പിതാവിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് സഞ്ജീവ് ട്വിറ്ററില്‍ കുറിച്ചു. 

സംഗീത സംവിധായക ജോടിയായ നദീം-ശ്രാവണ്‍ കൂട്ടുകെട്ടിലെയാളാണ് ശ്രാവണ്‍ റാത്തോഡ്. തൊണ്ണൂറുകളില്‍ ബോളിവുഡില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് അദ്ദേഹം. 1990ല്‍ പുറത്തിറങ്ങിയ ആഷിഖി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. 

ദില്‍ ഹേ കീ മാന്‍താ നഹീ, സാജന്‍, സഡക്, ദീവാനാ, പരദേസ്, ആഷിഖി, കസൂര്‍, രാസ്, ബര്‍സാത് തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഹാനങ്ങളാണ് നദീം-ശ്രാവണ്‍ സഖ്യത്തെ ഹിന്ദി ചലച്ചിത്രലോകത്ത് പ്രിയപ്പെട്ടവരാക്കിയത്.

Content Highlights : Late Music director Shravan Rathod and wife visited Kumbh Mela before testing Covid-19 positive, says son