മലയാള സിനിമയ്ക്കും ആരാധകർക്കും തീരാനഷ്ടം സമ്മാനിച്ചാണ് സംവിധായകൻ സച്ചി അകാലത്തിൽ വിട പറഞ്ഞ് പോയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യ സിജി പാടിയ ഗാനം പങ്കുവെച്ചിരിക്കുകയാണ് സംവിധായിക ആയിഷ സുൽത്താന. സച്ചിയുടെയും സിജിയുടെയും വിവാഹവാർഷിക ദിനത്തിലാണ് ആയിഷ ഗാനം പങ്കുവച്ചത്.

‘ ഇതെൻ്റെ സിജി ചേച്ചി പാടിയതാണ്. ഭൂമിയിൽ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല… അവരുടെ ഓർമ്മകൾ അവർ ചെയ്ത കർമ്മങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ അവർ പറയാൻ ബാക്കി വെച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്, ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാവുമ്പോൾ ആണ് ആ ബാക്കി വെച്ച കർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മിൽ ഉണ്ടാക്കി എടുക്കുന്നത്, സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും… ഉറപ്പ്‘ , എന്നാണ് വീഡിയോയ്ക്കൊപ്പം ആയിഷ കുറിച്ചത്.

കഴിഞ്ഞ ജൂൺ 18നായിരുന്നു സച്ചിയുടെ വിയോഗം.സച്ചി അവസാനമായി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' തീയേറ്ററുകളിൽ വിജയം കൊയ്യുന്നതിനിടെയായിരുന്നു ആ അപ്രതീക്ഷിത വേർപാട്. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. സച്ചിയുടെ ഓർമ്മയ്ക്കായി 'സച്ചി ക്രിയേഷൻസ്'എന്നപുതിയ സിനിമാ നിർമ്മാണക്കമ്പനിയും പൃഥ്വിരാജ് ആരംഭിച്ചിട്ടുണ്ട്.

content highlights : late director sachy and siji wedding anniversary aisha sultana facebook post