തെന്നിന്ത്യൻ സിനിമാ പ്രവർത്തകരെ ദു:ഖത്തിലാഴ്ത്തിയാണ് ഛായാ​ഗ്രാഹകൻ കെ.വി ആനന്ദ് വിടപറഞ്ഞ് പോയത്. പുതിയ ചിത്രം പദ്ധതിയിടുന്ന നേരത്തായിരുന്നു അദ്ദേഹ​ത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. മാധ്യമപ്രവർത്തകനും ആനന്ദിന്റെ അടുത്ത സുഹൃത്തുമായ രജനീഷാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ദുൽഖർ സൽമാനുമൊത്തൊരു തമിഴ് ചിത്രം ആനന്ദിന്റെ മനസിലുണ്ടായിരുന്നുവെന്ന് രജനീഷ് ട്വീറ്റ് ചെയ്യുന്നു. തമിഴ് നടൻ വിവേക് മരിച്ച സമയത്ത് കെ.വി. ആനന്ദുമായി സംസാരിച്ചിരുന്നുവെന്നും ദുൽഖറിനൊപ്പമുള്ള തമിഴ് ചിത്രത്തിന്റെ പ്രാരംഭഘട്ടത്തിലായിരുന്നു അദ്ദേഹമെന്നും രജനീഷ് ട്വീറ്റ് ചെയ്തു. ചിമ്പുവിനെയും ചിത്രത്തിനായി പരിഗണിച്ചിരുന്നുവെന്നും രജനീഷ് പറയുന്നു.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു ആനന്ദിന്റെ മരണം സംഭവിക്കുന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് പോസറ്റീവ് ആണെന്ന് കണ്ടെത്തിയതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം കുടുംബത്തിന് വിട്ടു നൽകാതെ ചെന്നൈയിലെ ബസന്ത് നഗർ ശ്മശാനത്തിൽ സംസ്കരിച്ചു.

രണ്ടാഴ്ചകൾക്ക് മുൻപ് കെ.വി ആനന്ദിന്റെ ഭാര്യയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബത്തോടെ ക്വാറന്റീനിൽ കഴിയുകയായിരുന്നു. അതിനിടെ അദ്ദേഹത്തിന് ശ്വാസതടസ്സവും നൈഞ്ചുവേദനയും അനുഭവപ്പെട്ടതോടെ പരസഹായമില്ലാതെ സ്വയം കാറോടിച്ചാണ് ആശുപത്രിയിൽ എത്തിയത്. കോവിഡിനെ തുടർന്നുണ്ടായ സങ്കീർണപ്രശ്നങ്ങൾ ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നാണ് ഡോക്ടർമാരുടെ നിഗമനം.

content highlights :late cinematographer director kv anand planned a movie with dulquer says his friend