കോടിക്കണക്കിന് ആരാധകരുടെ ഉള്ളുലഞ്ഞ നിമിഷമായിരുന്നു ബുധനാഴ്ച നടന്ന ഇന്ത്യ ന്യൂസിലൻഡ് ലോകകപ്പ് സെമിയില്‍ മഹേന്ദ്ര സിങ് ധോനിയുടെ റണ്ണൗട്ട്. ഈ ലോകകപ്പോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ, ഇന്ത്യയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
ഈ അവസരത്തില്‍ ഉടനെയൊന്നും ഒരു വിരമിക്കലിനെ കുറിച്ച് ചിന്തിക്കരുതെന്ന് ധോണിയോട് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തരിക്കുകയാണ് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍
"നമസ്‌കാരം എം.എസ് ധോനി ജി. വിരമിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലയിടത്തു നിന്നായി കേള്‍ക്കുന്നു. എന്നാല്‍, അങ്ങനെ ചിന്തിക്കരുത്. ഈ രാജ്യത്തിന് നിങ്ങളെ വേണം. വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്നാണ് നിങ്ങളോടുള്ള എന്റെ അഭ്യര്‍ഥന.." ലത മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു.
നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും എം.എസ്.ധോനിയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. 'എം.എസ്.ധോനിയുടെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അഞ്ചിന് മൂന്ന് വിക്കറ്റ് എന്ന അവസ്ഥയിലും 125 കോടി ആളുകള്‍ അദ്ദേഹത്തെ വിശ്വസിച്ചു എന്നതാണ്,' എന്ന് സ്മൃതി ഇറാനി കുറിച്ചു.
Content highlights : Lata Mangeshkar requests MS Dhoni not to retire says Country Needs Him