ശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറെ പോലും അമ്പരപ്പിക്കുന്ന ശബ്ദമാധുര്യത്തില്‍ 'ഏക് പ്യാര്‍ കാ നഗ്മാ ഹേ....' എന്ന ഗാനം പാടിയ സ്ത്രീക്ക് പിറകെയായിരുന്നു കുറച്ചുനാളായി സോഷ്യല്‍ മീഡിയ. മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റഫോമിലിരുന്ന് ശ്രുതിമാധുര്യത്തോടെ ഗാനമാലപിക്കുന്ന ഇവരുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇവരെ വൈറലാക്കിയ സോഷ്യല്‍ മീഡിയ തന്നെ ഈ സ്ത്രീയെ കണ്ടെത്തുകയും ചെയ്തു.

രാണു മൊണ്ടാല്‍ എന്ന ഈ ഗായികയെ തേടി നിരവധി അവസരങ്ങളാണ് പിന്നീട് വന്നുചേര്‍ന്നത്. സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയക്കൊപ്പം സിനിമയില്‍ പാടുകയും ചെയ്തു ഇവര്‍.

ഇപ്പോള്‍ രാണുവിന്റെ കഴിവിലും പ്രശസ്തിയിലും അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന ഗായിക മങ്കേഷ്‌കര്‍. ആര്‍ക്കെങ്കിലും തന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ ഒരു പ്രയോജനം ലഭിക്കുകയാണെങ്കില്‍, അത് തന്റെ ഭാഗ്യമായാണ് കാണുന്നതെന്നും അതേസമയം അനുകരണം ഒരിക്കലും ശാശ്വതമല്ലെന്നും ലതാ മങ്കേഷ്‌കര്‍ വാർത്താ ഏജൻസിയായ  ഐഎഎന്‍എസിനോട് പറഞ്ഞു.

"ആര്‍ക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ പ്രയോജനം ലഭിക്കുകയാണെങ്കില്‍, അതെന്റെ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്, അതേസമയം അനുകരണമൊരിക്കലും ശാശ്വതമല്ല, അവ വിജയത്തിലേക്കുള്ള ചവിടുപടിയായി വിശ്വസിക്കാനും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ നിങ്ങളാകൂ. എന്റെ പാട്ടുകളോ അല്ലെങ്കില്‍ കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ, ആശ (ഭോസ്ലെ) എന്നിവരുടെ പാട്ടുകള്‍ ആലപിക്കുന്നതിലൂടെ ഗായകര്‍ക്ക് കുറച്ച് കാലത്തേക്ക് ശ്രദ്ധ നേടാനാകും, എന്നാല്‍ അത് ദീര്‍ഘനാള്‍ നിലനില്‍ക്കില്ല.

ടെലിവിഷനിലെ മ്യൂസിക് റിയാലിറ്റി ഷോകളിലെ പ്രതിഭകളെക്കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നു. കുട്ടികള്‍ എന്റെ ഗാനങ്ങള്‍ വളരെ മനോഹരമായി പാടുന്നു. എന്നാല്‍ ആദ്യത്തെ വിജയത്തിന് ശേഷം അവരില്‍ എത്രപേര്‍ ഓര്‍മ്മിക്കപ്പെടുന്നു? എനിക്കാകെ അറിയുന്നത് സുനീതി ചൗഹാനെയും ശ്രേയ ഘോഷാലിനെയുമാണ്

നിങ്ങള്‍ നിങ്ങളായിത്തന്നെ ഇരിക്കൂ....എന്റെയും സഹപ്രവര്‍ത്തകരുടെയും നിത്യഹരിതഗാനങ്ങള്‍ നിങ്ങള്‍ ആലപിക്കണം. അതേസമയം സ്വന്തമായി ഗാനങ്ങള്‍ ഉണ്ടാകുകയും വേണം.
എന്റെ സഹോദരിയുടെ കാര്യം തന്നെ എടുക്കാം...ആശ സ്വന്തം ശൈലി തിരഞ്ഞെടുത്തില്ലായിരുന്നെങ്കില്‍ എന്റെ നിഴലില്‍ ഒതുങ്ങിപ്പോയേനെ...ഒരാളുടെ വ്യക്തിത്വത്തിന് അവരുടെ കഴിവുകളെ എത്ര വലിയ സ്ഥാനങ്ങളിലേക്ക് എത്തിക്കാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവള്‍..."ലതാ മങ്കേഷ്‌കകര്‍ വ്യക്തമാക്കി

രാണു അടുത്തിടെ ടിവി റിയാലിറ്റി ഷോ സൂപ്പര്‍ സ്റ്റാര്‍ സിംഗറില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഹിമേഷ് രേഷാമിയയ്ക്കൊപ്പം ''തെരി മേരി കഹാനി'', ''ആദത്ത്'', ''ആഷിക്കി മെന്‍ തെരി'' എന്നീ മൂന്ന് ഗാനങ്ങള്‍ ഇതുവരെ റെക്കോര്‍ഡുചെയ്തു.

ചുരുങ്ങിയ സമയം കൊണ്ട് പ്രശസ്തയായ ഇവര്‍ അനേകം റിയാലിറ്റി ഷോകളില്‍ അതിഥിയായി ക്ഷണിക്കപ്പെട്ടു. കൂടാതെ നിരവധി സ്റ്റേജ് ഷോകള്‍ക്കും അവര്‍ കരാര്‍ ഒപ്പിട്ടു. ബംഗാള്‍, ഹിന്ദി, തമിഴ് സിനിമകളില്‍ നിന്നും പാടാനുള്ള ഓഫറുകളും രാണുവിനെ തേടിയെത്തിയിരുന്നു

Content Highlights : Lata Mangeshkar Reacts to Singer Ranu Mondal's Fame Ranu Viral Singer