കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയും മുന്‍കരുതലുകളുമാണ് രാജ്യത്ത് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ അതിന്റെ തീവ്രത മനസില്ലാക്കാത്തവര്‍ക്കും മുന്‍കരുതലുകള്‍ സ്വീകരിക്കാത്തവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക ലത മങ്കേഷ്‌കര്‍. വൈറസ് പടരുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങരുതെന്നും വീട്ടില്‍ തന്നെ ഇരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പോലും മുഖവിലയ്‌ക്കെടുക്കാതെ പലരും സ്വതന്ത്രൃ സഞ്ചാരം നടത്തിയതിനെ ലതാ മങ്കേഷ്‌കര്‍ വിമര്‍ശിച്ചു. കൊറോണയെ തുരത്തേണ്ടത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ലതാ മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു.

ലത മങ്കേഷ്‌കറിന്റെ ട്വീറ്റ്:

'എല്ലാത്തിനും ഒരു പരിധിയുണ്ട്. ലോകം മുഴുവന്‍ വൈറസിനെതിരേ പോരാടുകയാണ്. വൈറസ് വ്യാപനം തടയാനായി നമ്മള്‍ ഓരോരുത്തരും വീട്ടില്‍ കഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും നമ്മെ എന്നും ഓര്‍മിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ ജനങ്ങള്‍ക്കെന്താണ് സാഹചര്യം മനസിലാവാത്തത്.?

Lata

വൈറസിനെതിരെ പോരാടേണ്ടത് സര്‍ക്കാരിന്റെ മാത്രം കടമയാണോ? നമുക്കതില്‍ യാതൊരു ഉത്തരവാദിത്തവുമില്ലേ? ഈ സാഹചര്യത്തില്‍ അധികാരികളെ സഹായിക്കണമെന്നും അവരോടു സഹകരിക്കണമെന്നും ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. ഓരോരുത്തരും അവരവരുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംരക്ഷകരായി വര്‍ത്തിച്ച് ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു..

Lata

Content Highlights : Lata Mangeshkar Questions Citizens Defying Curfew Corona Virus Oubreak