കോവിഡ് 19 വൈറസ് തന്‍റെ സുഹൃത്തിനെയും കവര്‍ന്നെടുത്ത ആഘാതത്തിലാണ് ബോളിവുഡ് താരം ലാറ ദത്ത. മാര്‍ച്ച് അവസാന വാരത്തിലാണ് വൈറസ് ബാധയെ തുടര്‍ന്ന് ലാറയുടെ സുഹൃത്ത് അമേരിക്കയില്‍ വച്ച് മരണപ്പെടുന്നത്.

സുഹൃത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രായമായവരെയാണ് വൈറസ് ബാധിക്കുക എന്നത് തെറ്റായ ധാരണയാണെന്നും ലാറ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

"കോവിഡ് 19 ബാധയെ തുടര്‍ന്ന് ഞങ്ങള്‍ക്ക് അടുത്ത സുഹൃത്തിനെ നഷ്ടമായി. ഒരു ആരോഗ്യപ്രശ്നങ്ങളുമുള്ള വ്യക്തിയായിരുന്നില്ല അദ്ദേഹം. കൊറോണ വൈറസ് പ്രായമായവരെ മാത്രമേ ബാധിക്കൂ എന്ന് നിങ്ങള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. അവസാനമായി നേരില്‍ കണ്ട് പതിനേഴ് ദിവസത്തിനുള്ളില്‍ എന്‍റെ സുഹൃത്തിനെ അക്ഷരാര്‍ഥത്തില്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.

ജീവിതത്തിന് ഒരു ഗ്യാരണ്ടിയും ഇല്ല. നമ്മളിന്ന് ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെങ്കില്‍ ദൈവത്തോട് നന്ദി പറയുക. നാളെ എന്താണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് അറിയില്ല. ഈ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടേണ്ടി വന്നാല്‍ ഇനിയുള്ള സാഹചര്യം എന്താകുമെന്ന് എനിക്കറിയില്ല. ഇപ്പോഴുള്ളതാണ് ജീവിതം. അത് പരമാവധി പ്രയോജനപ്പെടുത്തുക. അതായത് ചിരിക്കുക, സന്തോഷം കണ്ടെത്തുക, മറ്റുള്ളവരെ സ്നേഹിക്കുക, നല്ല സമയം ആസ്വദിക്കുക"- ലാറ വ്യക്തമാക്കി. 

കുടുംബത്തോടൊപ്പം സെല്‍ഫ് ക്വാറന്റീനിലാണ് ലാറ. ഇതിനിടെ താരത്തിന്‍റെ ജന്മദിനം കടന്നുപോയിരുന്നു. ആശംസകള്‍ അറിയിച്ച ഏവരോടും താരം നന്ദിയും പറഞ്ഞു.  

Content Highlights: Lara Dutta loses a friend to coronavirus outbreak