സുഹൃത്ത് ഇബ്രാഹീം നമ്രീദിന്റെ വിയോഗത്തില്‍ വേദനയോടെ സംവിധായകന്‍ ലാല്‍ ജോസ്. മ്യാവൂ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ലാല്‍ ജോസ് ഇബ്രാഹിമിനെ പരിചയപ്പെട്ടത്. ചിത്രീകരണത്തിനായി റാസല്‍ ഖൈമയില്‍ ലൊക്കേഷന്‍ തേടിനടക്കുമ്പോള്‍ ഇബ്രാഹിം ഒരുപാട് സഹായിച്ചുവെന്ന് ലാല്‍ ജോസ് പറയുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയ ദിവസം തന്നെ ഇബ്രാഹിം മരണത്തിന് കീഴടങ്ങിയെന്ന് ലാല്‍ ജോസ് പറയുന്നു.

ലാല്‍ ജോസിന്റെ കുറിപ്പ് 

ഇബ്രാഹീം നമ്രീദ് എന്ന അറബ് മനുഷ്യനും
ഞാനും തമ്മില്‍ എന്ത് ?
പരിചയപ്പെട്ടു മാസങ്ങള്‍ക്കുള്ളില്‍ മറുലോകത്തേക്ക് മാഞ്ഞു പോയൊരാള്‍ നമ്മളില്‍ എത്ര ബാക്കി വക്കും ? 
പല ദീര്‍ഘ സൗഹൃദങ്ങളും കൊഴിച്ചിട്ട് പോയതിനെക്കാള്‍ കൂടുതല്‍ ഓര്‍മ്മകള്‍ ! 

മ്യാവു വിന് ലൊക്കേഷന്‍ തേടി റാസെല്‍ ഖൈമയില്‍ അലയുമ്പോള്‍ യാദൃശ്ചയാ കിട്ടിയ സൗഹൃദമാണ്. അയാള്‍ കാട്ടി തന്ന മനോഹരമായ ഇടങ്ങളിലാണ് മ്യാവു ഷൂട്ട് ചെയ്തത്. അയാളുടെ വണ്ടിയാണ് സൗബിന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം ദസ്തക്കീറിന്റെ വണ്ടിയായത്.അയാളുടെ അടുക്കളയില്‍ പാകം ചെയ്ത സ്‌നേഹം പല ദിവസങ്ങളിലും ലൊക്കേഷനില്‍ ഉള്ളവരെയെല്ലാം ഊട്ടി. എന്നെ കാണുമ്പോഴൊക്കെ വരിഞ്ഞു മുറുക്കും പോലെ കെട്ടിപ്പിടിക്കും. അന്നേ അറിയാമായിരുന്നു. മഹാരോഗത്തിന് ചികിത്സയിലാണെന്ന്. മ്യാവു വിന്റെ ആദ്യ ടീസര്‍ റിലീസ് ആയ ദിവസം ഇബ്രാഹിം പോയി. ഒരു ദൗത്യം കൂടി പൂര്‍ത്തിയാക്കിയിട്ട് എന്ന പോലെ. പ്രിയ സുഹൃത്തേ അറബിക്കടലിന്റെ ഇക്കരയിരുന്ന് ഞാന്‍ നിന്നെ ഓര്‍ക്കുന്നു. ആദരാഞ്ജലികളോടെ....

Content Highlights: Laljose Mechery Director's heartbreaking note about his friend Ibrahim Namreed