തന്റെ കന്നി ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യറായിരുന്നുവെന്നും അതന്ന് നടക്കാതെ പോയത് ദിലീപ് കാരണമാണെന്നും സംവിധായകന്‍ ലാല്‍ ജോസ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു മറവത്തൂര്‍ കനവ് എന്ന തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് ലാല്‍ ജോസ് മനസ്സ് തുറന്നത്.
 
"മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു മറവത്തൂര്‍ കനവ്. ചിത്രത്തിലെ നായികയെ തേടിയുള്ള അന്വേഷണം ചെന്നെത്തിയത് മഞ്ജുവിലായിരുന്നു. കമലിന്റെ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം കൂടിയായിരുന്നു അത്. ദിലീപും മഞ്ജുവും തമ്മിലുള്ള ബന്ധം അന്ന് സിനിമാ മേഖലയില്‍ അറിഞ്ഞു തുടങ്ങിയിരുന്നു. എന്നാല്‍ മഞ്ജുവിന്റെ അച്ഛന്‍ ദിലീപ് അഭിനയിക്കുന്ന ഒരു സിനിമയിലും മഞ്ജുവിനെ അഭിനയിപ്പിക്കില്ലെന്ന തീരുമാനത്തിലായിരുന്നു. 

ആ സമയത്താണ് കൃഷ്ണഗുഡിയുടെ സെറ്റിലേക്ക് മഞ്ജുവിനെ കാണാന്‍ ദിലീപ് എത്തിയത്. കമല്‍ സാറിന്റെ ചിത്രമായത് കൊണ്ടുതന്നെ ദിലീപിനെ അവിടെ ആരും തടയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. മഞ്ജുവിന്റെ അച്ഛന്റെ കണ്ണുവെട്ടിച്ച് ഇരുവരും കാണുകയും സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഇത് പിന്നീട് അദ്ദേഹം അറിഞ്ഞതോടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുകയായിരുന്നു. 
കൃഷ്ണഗുഡിയുടെ സെറ്റില്‍ ട്രെയിനില്‍ വച്ച് മഞ്ജുവും ദിലീപും തമ്മില്‍ കാണാനുള്ള അവസരമൊരുക്കിയത് ഞാനാണെന്ന വൈരാഗ്യത്തിലാണ് മഞ്ജുവിന്റെ അച്ഛന്‍ ഒരു മറവത്തൂര്‍ കനവില്‍ മഞ്ജുവിനെ അഭിനയിപ്പിക്കാതിരുന്നത്. ഒരു ചെറിയ കുസൃതിക്ക് വില കൊടുക്കേണ്ടി വന്നത് ഞാനാണ്. ഇരുവരും നായികാനായകന്‍മാരായി അഭിനയിച്ച 'കുടമാറ്റ'ത്തിനു ശേഷം ദിലീപ്  നായകനാകുന്ന സിനിമകളില്‍ അഭിനയിക്കുന്നത് മഞ്ജുവിന്റെ അച്ഛന്‍ വിലക്കിയിരുന്നു", ലാല്‍ ജോസ് പറയുന്നു 

Content Highlights : laljose dileep manju warrier laljose movie oru maravathoor kanavu mammootty manju warrier