റബിക്കഥ പോലെ പച്ചയായ രാഷ്ട്രീയം പറഞ്ഞ സിനിമയെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയോടോ സംഘടനയോടോ പരസ്യമായ കൂറോ പക്ഷപാതിത്വമോ പ്രകടിപ്പിക്കാത്ത ആളാണ് സംവിധായകൻ ലാൽ ജോസ്. എന്നാൽ, സ്കൂളിൽ പഠിക്കുന്ന കാലത്ത് താൻ ഒന്ന് രണ്ട് വർഷം ആർ.എസ്.എസിന്റെ ശാഖയിൽ പോയിട്ടുണ്ടെന്ന് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് ലാൽ ജോസ്.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ജോസ് ആര്‍.എസ്.എസുമായുണ്ടായിരുന്ന തന്റെ ബന്ധം വെളിപ്പെടുത്തിയത്. 

'എന്‍.എസ്.എസ് ഹൈസ്‌കൂളിലെ പഠനകാലത്ത് ക്ലാസ്സിലെ ചില ആണ്‍കുട്ടികള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് നേരത്തെ ഭക്ഷണം കഴിച്ചിട്ട് സ്‌കൂളിന് എതിര്‍വശത്തുള്ള കെട്ടിടത്തിലേക്ക് പോകുന്നത് ഞാന്‍ കാണാറുണ്ട്. ഒരു ദിവസം അതില്‍ ഒരുത്തനോട് ഞാന്‍ ചോദിച്ചു നിങ്ങള്‍ എവിടേക്കാണ് ഈ വെള്ളിയാഴ്ച ഉച്ചയ്ക്ക് മാത്രം പോകുന്നതെന്ന്. അപ്പൊൾ അവര്‍ പറഞ്ഞു അവിടെ ശാഖയുണ്ട്. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകരായ ആളുകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് അധിക നേരം ഒഴിവുള്ള സമയത്ത് കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കും.

രാമായണത്തിലെയും മറ്റും കഥകളാണ് പറഞ്ഞു കൊടുക്കുന്നത്. അങ്ങനെ കഥകള്‍ കേള്‍ക്കാനുള്ള ഇഷ്ടം കൊണ്ട് ഞാനും പതിവായി ശാഖയില്‍ പോയി തുടങ്ങി. വിജയകുമാര്‍ എന്ന് പറഞ്ഞ ഒരു ചേട്ടനാണ് ഈ കഥകള്‍ പറഞ്ഞു കൊടുക്കുന്നത്. വളരെ സാത്വികമായി പെരുമാറുന്ന, കുട്ടികളുമായി നല്ല പോലെ ഇടപെടുന്ന, നല്ല കഥകള്‍ പറഞ്ഞു തരുന്ന ഒരാള്‍ ആയിരുന്നു വിജയകുമാര്‍. ഏതാണ്ട് ഒന്നോ രണ്ടോ വര്‍ഷം പതിവായി വെള്ളിയാഴ്ചകളില്‍ അവിടെ കഥകള്‍ കേള്‍ക്കാന്‍ ഞാന്‍ പോയിട്ടുണ്ട്-' ലാല്‍ ജോസ് പറഞ്ഞു.

Content Highlights : lal jose reveals his relation with rss lal jose malayalam director