കൊണ്ടാഴി: ലോക്ഡൗണിൽ സംവിധാനത്തിന് താത്കാലിക അവധി നൽകി കർഷകന്റെ റോളിൽ തിളങ്ങുകയാണ് സംവിധായകൻ ലാൽ ജോസ്. ഗെറ്റപ്പിലും ചെറിയ മാറ്റമുണ്ട്. താടി വളർന്ന് പുതിയ മെയ്ക്ക് ഓവറായി.

ഒറ്റപ്പാലത്ത് മുമ്പുണ്ടായിരുന്ന വീടുകളിൽ സ്ഥലപരിമിതിയായിരുന്നു കൃഷിക്ക് തടസ്സം. കൊണ്ടാഴി മായന്നൂർ കടവിന് സമീപത്തെ മേച്ചേരി വീട്ടിലെത്തിയപ്പോൾ മനസ്സിൽ ഉറങ്ങിക്കിടന്ന കർഷകൻ ഉണർന്നു. ലോക്ക് ഡൗണിൽ കൈക്കോട്ടെടുത്തി റങ്ങുകയായിരുന്നു. പയർ, വാഴ, കൊള്ളി, ചേന, ചേമ്പ് എന്നിവ നട്ടു കഴിഞ്ഞു. സമീപത്തുള്ള ബേബിച്ചേട്ടനാണ് കൃഷിക്കുള്ള മാർഗനിർദേശം നൽകുന്നത്.

1.40 ഏക്കർ സ്ഥലത്തെ വീടൊഴികെയുള്ള ഭാഗത്ത് ഫലവൃക്ഷങ്ങളുൾപ്പെടെ നട്ടിട്ടുണ്ട്. ഒരു വർഷമായി ഇവിടെ താമസമാരംഭിച്ചിട്ട്. അച്ഛൻ ജോസ് നട്ട ലാൽ ജോസിന്റെ ജന്മ തരു പ്ലാശും ഇക്കൂട്ടത്തിലുണ്ട്. പക്ഷികൾക്ക് വന്നിരിക്കാനും കായ്‌കനികൾ ഭക്ഷിക്കാനുമായി ബേർഡ് ഷെറി ചെടികളും നട്ടുവളർത്തിയിട്ടുണ്ട്.

അമ്പഴം, മംഗോസ്റ്റിൻ, പാഷൻ ഫ്രൂട്ട്, എലന്ത്, കുടംപുളി, റമ്പൂട്ടാൻ, മിറക്കിൾ ഫ്രൂട്ട്, മൾബെറി, പപ്പായ, വടുകപ്പുളി നാരങ്ങ, ജാതി പറമ്പിലുള്ള ഫലവൃക്ഷങ്ങളെല്ലാം ലാൽജോസ് കാണിച്ചുതന്നു. ഇതിനിടെയെത്തിയ കോളേജിലെ സഹപാഠി കെ.പി. ശ്രീജയനും ഒപ്പം കൂടി. കഴിഞ്ഞ ഡിസംബർ മുതൽ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ പുറമേ നിന്നും വാങ്ങിക്കേണ്ട ആവശ്യം വന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കോഴി, പശു എന്നിവയെ വളർത്താനുള്ള ശ്രമത്തിലാണ് സംവിധായകനിപ്പോൾ. എല്ലാത്തിനും കൂട്ടായി ഭാര്യ ലീനയുമുണ്ട്.

ഉച്ചവരെ പറമ്പിൽ, ശേഷം ഹോം തിയേറ്ററിൽ -ഇതാണ് ഇപ്പോഴത്തെ ദിനചര്യ. ഏപ്രിൽ 15-ന് പുതുമുഖ നായികാ നായകന്മാരെ വെച്ച് സിനിമ തുടങ്ങേണ്ടതായിരുന്നു. പക്ഷേ, ലോക്ക് ഡൗൺ പ്രഖ്യാപനം എല്ലാം താറുമാറാക്കി. സ്വന്തം ബാനറായ എൽ.ജെ. ഫിലിംസിനായിരുന്നു നിർമ്മാണച്ചുമതല. ഇതിനുശേഷം സംവിധാനം ചെയ്യേണ്ട സിനിമയെക്കുറിച്ചും ചർച്ചകൾ പൂർത്തിയായിരുന്നു.

Content Highlights: lal jose mechery director