ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനാലിന് ഗൾഫിലെ റാസൽ ഖൈമയിൽ ആരംഭിക്കുന്നു.

തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലായാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

പൂർണമായും ഗൾഫിൻ്റെ പശ്ചാത്തലത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡോ.ഇക്ബാൽ കുറ്റിപ്പുറമാണ്. അറബിക്കഥ, ഡയമണ്ട് നെക്ലസ്, വിക്രമാദിത്യൻ, എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൽജോസും ,ഇക്ബാൽ കുറ്റിപ്പുറവും ഒത്ത ചേരുന്ന നാലാമത്തെ ചിത്രമാണിത്. 

ഇതിൽ വിക്രമാദിത്യൻ ഒഴികെ അറബിക്കഥയും ഡയമണ്ട് നെക്ലസ് എന്നീ ചിത്രങ്ങൾ പ്രധാനമായും ദുബായ് പശ്ചാത്തലമാക്കിയുള്ളതായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. ഈ ചിത്രവും പൂർണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. എന്നാൽ റാസൽ ഖൈമ കേന്ദ്രമാക്കി ഒരു ചിത്രത്തിൻ്റെ ചിത്രീകരണം ഇതാദ്യമാണ്.

സൗബിൻ ഷാഹിറാണ്  ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മംമ്താ മോഹൻ ദാസാണ് നായിക.  നഗരത്തിൻ്റെ പകിട്ടിൽ നിന്നും മാറി ജീവിക്കുന്ന ഒരു സാധാരണക്കാരൻ്റെ കുട്ടംബത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്.  

സലിംകുമാർ, ഹരിശ്രീ യൂസഫ്, എന്നിവർക്കൊപ്പം മൂന്നു കുട്ടികളും ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ്  ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) ഈണം പകർന്നിരിക്കുന്നു. അജ്മൽ ബാബുവാണ് ഛായാഗ്രാഹകൻ.

കലാസംവിധാനം -അജയ് മങ്ങാട്. മേക്കപ്പ്.ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യും - ഡിസൈൻ.സമീരാസനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രഘുരാമവർമ്മ. ലൈൻ പ്രൊഡ്യൂസർ - വിനോദ് ഷൊർണൂർ . പ്രൊഡക്‌ഷൻ കൺട്രോളർ.രഞ്ജിത്ത് കരുണാകരൻ. എൽ.ജെ. ഫിലിംസ് റിലീസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാർത്ത : വാഴൂർ ജോസ്

Content Higlights : Lal Jose Mamtha Mohandas Soubin Shahir Movie will roll on december 14 at Ras Al Khaima