ലാല്‍ജോസിന്റെ സംവിധാനത്തില്‍ 2004 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രസികന്‍. ദിലീപ്, സംവൃത സുനില്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം പരാജയമായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് രാജീവ് രവിയായിരുന്നു. ഒരുപാട് പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് രസികന്‍ തിയേറ്ററുകളിലേക്കെത്തിയത്. തിയേറ്റര്‍ പ്രിന്റ് ഇരുണ്ടുപോയത് ഛായാഗ്രാഹകന്റെ പ്രശ്‌നം കൊണ്ടാണെന്ന തരത്തില്‍ ഇന്‍ഡട്രിയില്‍ ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. അത് രാജീവ് രവിയില്‍ ചില തെറ്റിദ്ധാരണകള്‍ ജനിക്കാന്‍ കാരണമായെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് മനസ്സു തുറന്നത്. 

'ലാബില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായിരുന്നു കാരണം. അതുകൊണ്ടാണ് തിയേറ്റര്‍ പ്രിന്റ് ഇരുണ്ടു പോയത്. ചിത്രം പരാജയപ്പെട്ടത് ക്യാമറയുടെ പ്രശ്‌നങ്ങള്‍ കാരണമാണെന്ന് ചിലര്‍ പറഞ്ഞു പരത്തി. അതിന് തൊട്ടു മുന്‍പ് ഇറങ്ങിയ മീശ മാധവന്‍ എന്ന സിനിമയുടെ കളര്‍ഫുള്‍ ഫ്രൈമുകളുമായിട്ടാണ് രസികനെ ചിലര്‍ താരതമ്യം ചെയ്തത്. 

ഇന്നാണ് രസികന്‍ പുറത്തിറങ്ങിയത് എങ്കില്‍ അതൊരു ന്യൂജനറേഷന്‍ ചിത്രമായേനെ. അതിന്റെ പരാജയം രാജീവ് രവിയുടെ തലയിലാണ് വന്നത്. അങ്ങനെ അടുത്ത ചിത്രമായ ചാന്ത് പൊട്ട് ആര് ചെയ്യും എന്ന ചര്‍ച്ചയില്‍ രാജീവ് രവി വേണ്ടെന്ന് നിര്‍മാതാവില്‍ നിന്ന് ശക്തമായ എതിരഭ്രിപ്രായമുണ്ടായി. അങ്ങനെ രാജീവിനെ മാറ്റി അഴകപ്പനെ വച്ചു. അതിന്റെ പേരില്‍ രാജീവിന് ദിലീപിനോട് പിണക്കമായി. ദിലീപ് പറഞ്ഞിട്ടാണ് അദ്ദേഹത്തെ മാറ്റിയതെന്ന് രാജീവ് രവി വിചാരിച്ചു. അതിന്റെ പേരില്‍ ഞാനും ദിലീപും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ട്. സത്യങ്ങള്‍ ഞാന്‍ പോലും അറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. രാജീവിനെ ഛായാഗ്രാഹകനാക്കി ഒരു ഹിറ്റ് സിനിമ ചെയ്യണമെന്ന് അന്നേ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് ക്ലാസ്‌മേറ്റ്‌സ് ചെയ്യുന്നത്'- ലാല്‍ ജോസ് പറഞ്ഞു.

lal jose

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ പുതിയ ലക്കം വാങ്ങാം

Content Highlights: lal jose interview Rasikan movie dileep and Rajeev Ravi dispute classmates