സംവിധായകന്‍ ലോഹിതദാസിന്റെ പത്താം ചരമവാര്‍ഷികമായിരുന്ന ജൂണ്‍ 28 ന്. ഈ അവസരത്തില്‍ ലോഹിതദാസിന്റെ ഓര്‍മ്മയ്ക്കായി നട്ടുവളര്‍ത്തുന്ന സ്മൃതിവനം സന്ദര്‍ശിച്ച അനുഭവം പങ്കുവച്ചുകൊണ്ടുള്ള സംവിധായകന്‍ ലാല്‍ ജോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ലോഹിതദാസിന്റെ നക്ഷത്രമരമായ നീര്‍മരുതും സ്മൃതിവനത്തില്‍ വളരുന്നുണ്ട്. ഹൃദ്രോഗങ്ങള്‍ക്കുളള ആയുര്‍വേദമരുന്നുകളിലെ പ്രധാന ചേരുവയായ നീര്‍മരുത്. ഹൃദയാഘാതത്തെ തുടര്‍ന്ന് നമ്മെവിട്ടുപോയ അങ്ങേയറ്റം ഹൃദയാലുവായ ഒരു മനുഷ്യന്റെ ഓര്‍മ്മമരങ്ങളായിമാറുന്നുവെന്ന് ലാല്‍ജോസ് കുറിക്കുന്നു.

ലാല്‍ ജോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അക്ഷരങ്ങളാല്‍ അമരനായി മാറിയ ഒരു മനുഷ്യന്‍ ഓര്‍മ്മ മരങ്ങളായി തഴച്ചു വളരുന്ന ഒരിടമുണ്ട് തൃശ്ശൂരില്‍. ലോഹിയേട്ടനുവേണ്ടി തൃശ്ശൂര്‍ ഔഷധിയിലെ ഡോക്ടര്‍ രജിതനും സുഹൃത്തുക്കളും ചേര്‍ന്ന് നട്ട് വളര്‍ത്തുന്ന സ്മൃതിവനം. ഇന്നേക്ക് പത്ത് കൊല്ലം മുമ്പ് ലോഹിയേട്ടന്റെ ഒന്നാം ചരമ വാര്‍ഷികത്തിലാണ് ഡോക്ടര്‍ രജിതന്‍ അറിയിച്ചതനുസരിച്ച് ഞാനിവിടെ ആദ്യം എത്തുന്നത്. അവിടെ അത്ര പരിചിതമല്ലാത്ത ഒരു ചെടിയുടെ കുറെ തൈകള്‍ കണ്ടു. അന്വേഷിച്ചപ്പോള്‍ അതെല്ലാം നീര്‍മരുതിന്റെ തയ്യുകളാണ്. ചോതി നക്ഷത്രക്കാരനായ ലോഹിതദാസിന്റെ നക്ഷത്രമരമാണ് നീര്‍മരുത്. പ്രിയ തിരക്കഥാകൃത്തിന്റെ ഓര്‍മ്മയില്‍ നീര്‍മരുതുകളുടെ ഒരു വനമൊരുക്കണമെന്ന പ്രകൃതിസ്‌നേഹിയായ ഡോക്ടര്‍ രജിതന്റെ ആഗ്രഹത്തിനൊപ്പം തൃശ്ശൂരിലെ കൈലാസ് നാഥ് സ്‌കൂള്‍ അധികൃതര്‍ കൈകോര്‍ത്തപ്പോള്‍ അനുവദിച്ചുകിട്ടിയ പന്ത്രണ്ട് സെന്റിലാകെ അന്ന് ഞങ്ങള്‍ നീര്‍മരുതുകള്‍ നട്ടു. ലോഹിയേട്ടന്റെ ഭാവന ഉയിരു നല്‍കിയ ചലച്ചിത്രങ്ങളുടെ പേരിട്ടാണ് ഓരോ തൈയ്യും നട്ടത്. ഞാന്‍ നട്ട തൈയ്യുടെ പേര് ഭൂതക്കണ്ണാടി. (ആ സിനിമയില്‍ ലോഹിയേട്ടന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നല്ലോ ഞാന്‍. )

ലോഹിയേട്ടന്‍ നമ്മെവിട്ട് പിരിഞ്ഞിട്ട് പത്ത്‌കൊല്ലം തികയുന്ന ഇന്ന് വീണ്ടും ഈ സ്മൃതിവനത്തിലെത്തുമ്പോള്‍ നീര്‍മരുതുകള്‍ക്ക് ആള്‍പ്പൊക്കം. സാധാരണ നീരൊഴുക്കുളള ചതുപ്പുനിലങ്ങളില്‍ വളരുന്ന നീര്‍മരുതുകള്‍ ഇവിടെ ഈ കുന്നിന്‍ മുകളിലെ ഈ വിദ്യാലയപരിസരത്ത് ആര്‍ത്തു വളരുന്നത് ഒരു കാഴ്ചതന്നെയാണ്. കൂട്ടത്തില്‍ ഞാന്‍ നട്ട ഭൂതക്കണ്ണാടിയും പത്ത് വയസ്സുകാരന്റെ പ്രസരിപ്പോടെയുണ്ട്. ഇങ്ങനെ നോക്കിനില്‍ക്കേ കാലം ഇവിടെ മരങ്ങളായി വളരുകയാണെന്ന് തോന്നിപ്പോയി. ആദ്യകാഴ്ചയില്‍ മനസ്സിലേക്ക് വേരാഴ്ത്തിയ ഒരു നല്ല സിനിമ നമ്മില്‍ നിറഞ്ഞു വളരുന്നതുപോലെ ഇവിടെ നീര്‍മരുതകള്‍. ഹൃദ്രോഗങ്ങള്‍ക്കുളള ആയുര്‍വേദമരുന്നുകളിലെ പ്രധാന ചേരുവയാണത്രേ ഈ നീര്‍മരുത്. ഹൃദയാഘാതത്തെ തുടര്‍ന്ന് നമ്മെവിട്ടുപോയ അങ്ങേയറ്റം ഹൃദയാലുവായ ഒരു മനുഷ്യന്റെ ഓര്‍മ്മമരങ്ങളായിമാറുന്നതും അതേ നീര്‍മരുതകള്‍ തന്നെ.

ഇന്നും ഞങ്ങള്‍ ആറു തൈയ്യുകള്‍ നട്ടു. ഇങ്ങനെ പോയാല്‍ ഇനിയൊരു പത്താണ്ട് പിന്നിടുമ്പോള്‍ ഈ പന്ത്രണ്ട് സെന്റ് ഒരു നിബിഢവനമാകും. ഇവിടേക്ക് കാറ്റിനൊപ്പം കിളികളും കിളിപ്പാട്ടുകളും എത്തും. അന്നും മലയാളസിനിമയുടെ തലമുറകള്‍ ഈ മണ്ണ് തേടി, ലോഹിയേട്ടന്റെ ഓര്‍മ്മമരങ്ങളുമായെത്തിക്കൊണ്ടിരുക്കും..

Lal JOse

Content Highlights : Lal Jose Facebook Post On Lohithadas Death Anniversary