രാജ്യത്തൊട്ടാകെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പുതിയ ചിത്രം 'സുനാമി'യുടെ ഷൂട്ടിങ് തത്കാലം നിര്‍ത്തിവെക്കുകയാണെന്ന് നടന്‍ ലാല്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ലാല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നമസ്‌കാരം,

നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന പോലെ ലോകം മുഴുവന്‍ കൊറോണ എന്ന വിപത്തിന്റെ ആശങ്കയില്‍ തുടരുന്ന ഈ സാഹചര്യത്തില്‍ 'സുനാമി' എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വയ്ക്കുന്നു. ഭീതിയുടെയും ആശങ്കയുടെയും നാളുകള്‍ക്കപ്പുറം സന്തോഷത്തിന്റെ പുത്തന്‍ പ്രതീക്ഷകളുമായി ഞങ്ങള്‍ പൊട്ടിച്ചിരിയുടെ സുനാമിയുമായി വീണ്ടും വരുന്നതായിരിക്കും. നിപ്പയ്ക്കും പ്രളയത്തിനും ശേഷം മലയാളിയുടെ അതിജീവനശേഷിയുടെ ബലത്തെ കുറിച്ച് കാലം അടയാളപ്പെടുത്താന്‍ പോകുന്ന മറ്റൊരു പരീക്ഷണം ആയി മാറട്ടെ കൊറോണയും. ഭയപ്പെടരുത്.. ചെറുത്തുനിന്ന് തോത്പ്പിക്കുക.. ഒരിക്കല്‍കൂടി !!! 

ടീം സുനാമി

'ഡ്രൈവിങ് ലൈസന്‍സിന്' ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സുനാമി'. പാണ്ടാ ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണി ആണ് നിര്‍മ്മാണം. ലാലിന്റേതാണ് തിരക്കഥ. ബാലു വര്‍ഗീസ് നായകനായെത്തുന്ന ചിത്രത്തില്‍ ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രതീഷ് രാജാണ്. യാക്സന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് സുനാമിയുടെ സംഗീത സംവിധാനം. 

lal

Content Highlights : lal director instagram post tsunami movie team stops shooting