മോഹൻലാലിനെ പ്രശംസിച്ച് നടി ലക്ഷ്മി മഞ്ചു പങ്കുവച്ച കുറിപ്പ് വെറലാവുന്നു. ഓൺസ്ക്രീനിലും ഓഫ്സ്ക്രീനിലും തന്നെ ഒരേ പോലെ അദ്ഭുതപ്പെടുത്തിയ വ്യക്തികളിൽ ഒരാളാണ് മോഹൻലാലെന്ന് ലക്ഷ്മി മഞ്ചു ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ദിവസംമോഹൻലാലുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ലക്ഷ്മിയുടെ കുറിപ്പ്. ഹൈദരാബാദിൽ പുരോമഗിക്കുന്ന 'ബ്രോ ഡാഡി' ഷൂട്ടിന്റെ ഇടവേളയിൽ മോഹൻലാൽ തെലുങ്ക് താരം മോഹൻ ബാബുവിനെ സന്ദർശിച്ചിരുന്നു. മോഹൻ ബാബുവിന്റെ മകളാണ് ലക്ഷ്മി.

"വളരെ അപൂർവം പേർ മാത്രമാണു വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും ഒരേ പോലെ അദ്ഭുതപ്പെടുത്തിയിട്ടുള്ളത്. അത്തരത്തിലുള്ള ഒരാളാണ് ലാലേട്ടൻ. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളിൽ നിന്ന് ഞാൻ പഠിച്ചത് ജീവിത പാഠങ്ങളാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമയിൽ തുടരുന്ന അദ്ദേഹം കാട്ടുന്ന എളിമയും സർഗ്ഗാത്മകതയോടുള്ള ആവേശവും അതിൽ ചിലതാണ്.

രുചിയോട്, വസ്ത്രങ്ങളോട്, നിങ്ങൾ കാണിക്കുന്ന പാഷൻ, നിങ്ങളുടെ പാട്ടിൽ നിറയുന്ന മാന്ത്രിത, നിങ്ങൾ തിരഞ്ഞെടുക്കുന്ന റോളുകൾ എല്ലാം എന്റെ ജീവിതത്തിൽ പ്രചോദനമാണ്. ഇപ്പോൾ നിങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിച്ചതിൽ നിന്ന് ഒരു സൂപ്പർ സ്റ്റാർ എന്തായിരിക്കണമെന്ന് നിങ്ങൾ മനസിലാക്കി തന്നു...എളിമയുള്ള, കരുണയുള്ള, രസിപ്പിക്കുന്ന ഒരാളാവണം എന്ന്. നിങ്ങൾ നിങ്ങളായിതന്നെ ഇരിക്കുന്നതിന്, ഞങ്ങൾക്ക് വഴികാട്ടിയായതിന് നന്ദി. കുടുംബസുഹൃത്ത് എന്ന നിലയിൽ നിങ്ങൾ നൽകുന്ന സാന്നിധ്യത്തിന് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു." ലക്ഷ്മി മഞ്ചു കുറിക്കുന്നു.


content highlights : lakshmi manchu about mohanlal