ഹൃത്വിക് റോഷനെതിരേ ബഹിഷ്‌കരണ ആഹ്വാനം; 'കാരണം' ലാല്‍ സിംഗ് ഛദ്ദ


Hrithik Roshan

ന്ത്യയൊട്ടാകെ ബഹിഷ്‌കരണാഹ്വാനത്തിന്റെ കാലമാണിത്. ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്കെതിരേ ഒരു വിഭാഗമാളുകള്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ബോളിവുഡിലെ സ്വജനപക്ഷാപാതത്തിന്റെ ഇരയാണ് സുശാന്തെന്നും അതുകൊണ്ട് സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നുമുള്ള ആഹ്വാനം തുടങ്ങിയിട്ട് കാലങ്ങളായി. ഭരണകൂടം, മതം, എന്നിവയെ ഏതെങ്കിലും സിനിമാപ്രവര്‍ത്തകര്‍ വിമര്‍ശിച്ചാല്‍ അതും ബഹിഷ്‌കരണത്തിനുള്ള കാരണമായി തീരും.

രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരേ സംസാരിച്ചതിന്റെ പേരിലാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍ ബഹിഷ്‌കരണം നേരിടുന്നത്. ആമിറിന്റെ ഏതെങ്കിലും സിനിമ തിയേറ്ററിലെത്തുമ്പോള്‍ ട്വിറ്ററില്‍ ബോയ്‌കോട്ട് ആമിര്‍ തരംഗമാകും. ദംഗലടക്കമുള്ള സിനിമയ്ക്ക് നേരേ സമാനമായ ആക്രമണമുണ്ടായിരുന്നുവെങ്കിലും സിനിമയുടെ ജനപ്രീതിയ്ക്ക് കാര്യമായ ഇടിവൊന്നും സംഭവിച്ചില്ല. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് 'ദംഗല്‍'.

ആമിറിന്റെ 'ലാല്‍ സിംഗ് ഛദ്ദ' എന്ന സിനിമയാണ് ഇപ്പോള്‍ ബഹിഷ്‌കരണം നേരിടുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടം ആളുകള്‍ വ്യാപകമായ വിദ്വേഷപ്രചരണം അഴിച്ചുവിട്ടിരുന്നു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ വളരെ ദയനീയമായ പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. തുടര്‍ന്ന് ബോളിവുഡിലെ ഒരു കൂട്ടം സിനിമാപ്രവര്‍ത്തകര്‍ 'ലാല്‍ സിംഗ് ഛദ്ദ' എല്ലാവരും കാണണമെന്ന് ആഹ്വാനം ചെയ്ത് രംഗത്ത് വരികയും ചെയ്തു.

ബോളിവുഡ് താരം ഹൃത്വിക് റോഷനാണ് അതില്‍ പ്രമുഖന്‍. താന്‍ 'ലാല്‍ സിംഗ് ഛദ്ദ' കണ്ടുവെന്നും കുറ്റവും കുറവും മാറ്റിനിര്‍ത്തിയാല്‍ ചിത്രം മനോഹരമാണെന്നും ഹൃത്വിക് കുറിച്ചു. ഈ സിനിമ തിയേറ്ററില്‍ പോയി എല്ലാവരും കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊട്ടുപിന്നാലെ ഹൃത്വിക് റോഷനെ ബഹിഷ്‌കരിച്ചുകൊണ്ടുള്ള ഹാഷ്ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ഹൃത്വിക് റോഷന്റെ സിനിമകള്‍ ഇനി തിയേറ്ററില്‍ കാണില്ലെന്നും 'വിക്രം വേദ' പരാജയപ്പെടുത്തുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തി. തമിഴ്ചിത്രം 'വിക്രം വേദ'യുടെ ഹിന്ദി റീമേക്കാണ് ഹൃത്വികിന്റെ ഏറ്റവും പുതിയ ചിത്രം.

മൂന്നു വര്‍ഷത്തിലേറെ ഇടവേളയ്ക്ക് ശേഷമാണ് ആമിര്‍ നായകനായ ഒരു ചിത്രം തിയേറ്ററിലെത്തിയത്. ഓഗസ്റ്റ് 11-ന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന് ഒരാഴ്ച പിന്നിടുമ്പോള്‍ 50 കോടിയോളം മാത്രമാണ് നേടാനായത്. 180 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയത്. 10 കോടിയോളമായിരുന്നു 'ലാല്‍ സിംഗ് ഛദ്ദ'യുടെ ആദ്യദിനത്തിലെ വരുമാനം. എന്നാല്‍ രണ്ടാം ദിനത്തില്‍ ആദ്യദിനത്തേക്കാള്‍ 40 ശതമാനം വരുമാനം ഇടിഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്ച ചിത്രത്തിന്റെ 1300-ലേറെ ഷോകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച ചിത്രത്തിന് രണ്ടു കോടി മാത്രമാണ് നേടാനായതെന്ന് ബോക്സ് ഓഫീസ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 75 കോടിക്കു മുകളില്‍ കലക്ഷന്‍ ഉണ്ടാക്കാന്‍ ചിത്രത്തിന് കഴിയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഒട്ടേറെ തിയേറ്ററുകളില്‍ സിനിമ എടുത്തു മാറ്റുകയും ഷോകള്‍ റദ്ദാക്കുകയും ചെയ്തു.

ലോക ക്ലാസിക് ചിത്രം 'ഫോറസ്റ്റ് ഗംപി'ന്റെ റീമേക്കായാണ് 'ലാല്‍ സിംഗ് ഛദ്ദ' റിലീസ് ചെയ്തത്. 'ഫോറസ്റ്റ് ഗംപ്' കാണാത്ത സിനിമാപ്രേമികള്‍ വിരളമാണെന്നത് തന്നെയായിരുന്നു ഈ ചിത്രം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ടോം ഹാങ്ക്‌സുമായി ആമിര്‍ താരതമ്യം ചെയ്യപ്പെടുന്നതാണ് മറ്റൊരു പ്രശ്‌നം. സഹോദര സ്‌നേഹവുമായി ബന്ധപ്പെട്ട വൈകാരികതയും കണ്ണീരിനുമെല്ലാം ഇന്ത്യന്‍ സിനിമുടെ ചരിത്രത്തോളം പഴക്കമുണ്ട്. പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിക്കുന്നതൊന്നും തന്നെ ചിത്രത്തില്‍ ഇല്ലെന്നാണ് പ്രധാന വിമര്‍ശനം. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കരീന കപൂറാണ് നായിക.

അക്ഷയ് കുമാര്‍ നായകനായ 'രക്ഷാബന്ധനും' ഇതേ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ കുറഞ്ഞ മുതല്‍മുടക്കിലൊരുക്കിയ ചിത്രമായിരുന്നു രക്ഷാബന്ധന്‍. അതുകൊണ്ടു തന്നെ ഒരാഴ്ച കൂടി പ്രദര്‍ശനം തുടര്‍ന്നാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍. അക്ഷയ് കുമാറിന്റെ മുന്‍ ചിത്രങ്ങളായ 'ബച്ചന്‍ പാണ്ഡെ', 'സാമ്രാട്ട് പൃഥ്വിരാജ്' തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. ആനന്ദ് എല്‍ റായിയാണ് 'രക്ഷാബന്ധന്റെ' സംവിധായകന്‍. സീ സ്റ്റുഡിയോസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഭൂമി പഡ്‌നേക്കറാണ് ചിത്രത്തിലെ നായിക.

Content Highlights: Laal Singh Chaddha Box Office Collection, Boycott Hrithik Roshan, Twitter trending tags


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented