-
ജോയ് മാത്യൂ, കോട്ടയം നസീര്‍, വി.കെ.പ്രകാശ് എന്നിവര്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ലാ-ടൊമാറ്റിന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ടോവിനോ തോമസ് പുറത്തുവിട്ടു. പ്രഭുവിന്റെ മക്കള്‍, ടോള്‍ ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നാല് പുരുഷകഥാപാത്രങ്ങള്‍ക്കൊപ്പം ഒരു സ്ത്രീകഥാപാത്രവും തുല്യപ്രാധാന്യത്തോടെ ചിത്രത്തിലുണ്ട്. മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
പുതിയ കാലത്ത് എല്ലാവരേയും ഏതു നിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തെയാണ് ലാ-ടൊമാറ്റിന ആവിഷ്‌ക്കരിക്കുന്നതെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട് പറഞ്ഞു. ഒരേസമയം തൊട്ടറിയാവുന്നതും ഒളിഞ്ഞിരിക്കുന്നതുമായ ഒന്നാണത്. വര്‍ത്തമാനകാലത്തിന്റെ ഷേഡുകള്‍ ചിത്രത്തിലുണ്ട്. ജോയ് മാത്യു, വി.കെ.പ്രകാശ്, കോട്ടയം നസീര്‍ എന്നിവരെ ഇതേവരെയില്ലാത്ത ഒരു ലുക്കിലും പെര്‍ഫോമന്‍സിലും അവതരിപ്പിക്കാനാണ് ശ്രമം. അവരവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ അത് ഡിമാന്‍ഡ് ചെയ്യുന്നുണ്ട് - സജീവന്‍ പറഞ്ഞു. മൂവര്‍ക്കുമൊപ്പം രമേഷ് രാജശേഖരനെന്ന പുതുമുഖത്തെയും ചിത്ത്രതിലൂടെ അവതരിപ്പിക്കുന്നു. തുല്യപ്രധാന്യമുള്ള കഥാപാത്രമാണ് രമേശിന്റേതും.
ലാ-ടൊമാറ്റിന കാലികമായൊരു ഭീതിയെ ആവിഷ്‌ക്കരിക്കാനുള്ള ശ്രമമാണ്. ചിത്രത്തിന് എന്ത് കൊണ്ട് ഇത്തരമൊരു പേര് എന്നത് ചിത്രം കാണുമ്പോള്‍ പൂര്‍ണമായും ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷ. സിനിമയില്‍ നേരിട്ടും അല്ലാതെയും ഇടപെടുന്ന ഒന്നാണത്. ഒരു റിയാലിറ്റിയെ പരീക്ഷണസ്വഭാവത്തോടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ലാ ടൊമാറ്റിന- രചയിതാവ് ടി. അരുണ്‍കുമാര്‍ പറയുന്നു. സജിന്‍ബാബു ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. സ്വന്തം ചിത്രമായ ബിരിയാണിക്ക് ശേഷം സജിന്‍ ബാബു സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്ന ചിത്രമാണ് ലാ-ടൊമാറ്റിനാ.
ഫ്രീ തോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം. ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ചുലാല്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍- വേണുഗോപാല്‍. ശ്രീവത്സന്‍ അന്തിക്കാട് കലാസംവിധാനം നിര്‍വഹിക്കുന്നു. മേക്കപ്പ്- പട്ടണം ഷാ. സതീഷ് ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സ്റ്റില്‍സ്- നരേന്ദ്രന്‍ കൂടാല്‍, ഡിസൈന്‍സ്- ദിലീപ് ദാസ്. അടുത്ത മാസം പകുതിയോടെ ചിത്രീകരണം ആരംഭിക്കും.
Content Highlights: La Tomatina movie, tovino thomas releases first look poster, sajeevan anthikkad cinema
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..