ഫോട്ടോഗ്രാഫിയില്‍ നിന്ന് സിനിമാറ്റോഗ്രാഫിയിലേക്ക് അവിടെ നിന്ന് സംവിധാനത്തിലേക്ക്. മൂന്ന് മേഖലകളിലും പേരെടുത്തു. എന്നാല്‍ ചെയ്തത് വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍. കെ.വി ആനന്ദ് എന്ന ചലച്ചിത്ര പ്രതിഭ ഒരു അത്ഭുതമാകുന്നത് ഇവിടെയാണ്. 

1966 ഒക്ടോബര്‍ 30ന് വെങ്കിടേശന്റെയും അനസൂയയുടെയും മകനായി ചെന്നൈ നഗരത്തിലെ പാര്‍ക്ക് ടൗണിലാണ് കെ.വി ആനന്ദിന്റെ ജനനം. ഡി.ജി വൈഷ്ണവ് കോളേജില്‍ നിന്നും ബിരുദം നേടി. ലയോള കോളേജില്‍ നിന്ന് വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും. ബിരുദാനന്തര ബിരുദക്കാലത്ത് നടത്തിയ ഹിമാലയന്‍ യാത്രയാണ് കെ.വി ആനന്ദിനെ ഫോട്ടോഗ്രഫിയിലേക്ക് ആകര്‍ഷിക്കുന്നത്. ആ യാത്ര തന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്ന് കെ.വി ആനന്ദ് പറയാറുണ്ടായിരുന്നു. 

ഫോട്ടോ ജേണലിസ്റ്റായാണ് കരിയര്‍ ആരംഭിക്കുന്നത്. ഇന്ത്യ ടുഡേ, ഇല്ലസ്‌ട്രേറ്റഡ് വീക്കിലി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍  ജോലി ചെയ്തു. പിന്നീട് ഫ്രീലാന്‍സറായി ഒട്ടനവധി പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്തു. കുറച്ച് കാലം മാത്രമാണ് ആ മേഖലയില്‍ പ്രവര്‍ത്തിച്ചതെങ്കിലും ഇരുന്നൂറോളം മാഗസിനുകളില്‍ കെ.വി ആനന്ദിന്റെ ചിത്രങ്ങള്‍ പുറംചട്ടയായി പ്രസിദ്ധീകരിച്ചു. 

പി.സി ശ്രീറാമുമായുള്ള കൂടികാഴ്ചയാണ് കെ.വി ആനന്ദിനെ സിനിമയില്‍ എത്തിക്കുന്നത്. ശ്രീരാമിന്റെ അസിസ്റ്റന്റ് ക്യാമറാമാനായി ജോലി ചെയ്യാന്‍ അതിലൂടെ അവസരം ലഭിക്കുകയും ചെയ്തു. അമരന്‍, തേവര്‍മകന്‍, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം  പ്രവര്‍ത്തിച്ചു.

പ്രിയദര്‍ശന്‍ ചിത്രത്തിലൂടെയാണ് പി.സി ശ്രീറാം ആദ്യമായി സ്വതന്ത്രഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍  പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച തേന്‍മാവിന്‍ കൊമ്പത്തില്‍. 1994 ല്‍ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ആ ചിത്രത്തിലൂടെ കെ.വി ആനന്ദ് സ്വന്തമാക്കി. ഒരു സ്വതന്ത്രഛായാഗ്രാഹകനെ സംബന്ധിച്ച് സ്വപ്‌നതുല്യമായ തുടക്കമായിരുന്നു അത്. തൊട്ടുപിന്നാലെ പ്രിയദര്‍ശന്റെ  തന്നെ മിന്നാരത്തിലും പ്രവര്‍ത്തിച്ചു. പുണ്യഭൂമി നാ ദേശം (തെലുങ്ക്, കാതല്‍  ദേശം (തമിഴ്) എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 1997 ല്‍ വീണ്ടും ചന്ദ്രലേഖയിലൂടെ മലയാളത്തില്‍ തിരിച്ചെത്തി.  നേര്‍ക്കു നേര്‍, മുതല്‍വന്‍, ജോഷ്, നായക്, ദ ലെജന്‍ഡ് ഓഫ് ഭഗത് സിംഗ്, ബോയ്‌സ്, ഖാഖി, ശിവാജി തുടങ്ങി പതിനഞ്ചോളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു.

ശ്രീകാന്ത്, പൃഥ്വിരാജ്, ഗോപിക തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ കനാ കണ്ടേന്‍ ആണ് കെ.വി ആനന്ദിന്റെ ആദ്യ സംവിധാന സംരഭം. പൃഥ്വിരാജിന്റെ ആദ്യ തമിഴ്ചിത്രമായിരുന്നു അത്. ചിത്രത്തില്‍ വില്ലനായാണ് പൃഥ്വി വേഷമിട്ടത്. സൂര്യ, തമന്ന എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അയന്‍ ആയിരുന്നു രണ്ടാമത്തെ ചിത്രം. അയന്‍ മികച്ച പ്രദര്‍ശന വിജയം നേടി. ജീവയെ നായകനാക്കി ഒരുക്കിയ കോ ആയിരുന്നു അടുത്ത ചിത്രം. ഇതും വന്‍ വിജയം നേടി. മാട്രാന്‍, അനേഗന്‍, കാവന്‍, കാപ്പന്‍ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. 

ഛായാഗ്രാഹണത്തിനും സംവിധാനത്തിനും പുറമേ അഭിനയത്തിലും കെ.വി ആആനന്ദ് കൈവച്ചിട്ടുണ്ട്. മീര, ശിവാജി, മാട്രാന്‍, കാവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 

Content Highlights: KV Anand Director Cinematographer passed away, Thenmavin Kombath, Priyadarshan, National Award, Movies