ദുൽഖർ സൽമാൻ നായകനായെത്തിയ കുറുപ്പ് ബോക്സോഫീസിൽ 50 കോടി ക്ലബ്ബിൽ. ദുൽഖർ തന്നെയാണ് ചിത്രം 50 കോടി നേടിയ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ഉറക്കമില്ലാത്ത രാത്രികളും, അനിശ്ചിതത്വം നിറഞ്ഞ നിമിഷങ്ങളും, സമ്മർദ്ദവും ഫലം കണ്ടെന്ന് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. കുറുപ്പിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറയാൻ വാക്കുകളില്ലെന്നും ദുൽഖർ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് ആദ്യദിനത്തിൽ ആറുകോടിയിലേറെ രൂപ കളക്ഷൻ നേടിയിരുന്നു. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ സംവിധായകനാണ് ശ്രീനാഥ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തിയത്. 

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. 

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

content highlights : Kurup Boxoffice enters Fifty Crore Club Dulquer Salmaan Movie