മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കിയാണ് പ്രിയദര്‍ശന്‍ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'  എന്ന വമ്പന്‍ ചിത്രം ഒരുക്കാന്‍ പോകുന്നത്. ഇപ്പോഴിതാ ആ ആവേശത്തെ വാനോളമെത്തിക്കുന്ന വാര്‍ത്തയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുന്നത്. മരക്കാരില്‍ ഒരു ഭാഗമാകാന്‍ പ്രണവ് മോഹന്‍ലാലും എത്തുന്നു.

kunjali

ചിത്രത്തില്‍ കുഞ്ഞാലി മരക്കാരിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുക. ചിത്രത്തിന്റെ ആദ്യ പകുതിയിലാണ് പ്രണവ് മോഹന്‍ലാല്‍ എത്തുക. ഒന്നാമൻ എന്ന തമ്പി കണ്ണന്താനം ചിത്രത്തിലും പ്രണവ് അച്ഛന്റെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നു.

ആദി എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയിലേക്ക് രണ്ടാംവരവ് നടത്തിയ പ്രണവിന്റെയും മോഹന്‍ലാലിന്റേയും ആരാധകര്‍ ഈ വാര്‍ത്ത ഏറ്റെടുത്തു കഴിഞ്ഞു. 

kunjali

നൂറുകോടി രൂപ മുതൽമുടക്കില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ്. താരനിര്‍ണയം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മരക്കാറിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ കുഞ്ഞാലി നാലാമനായി മോഹന്‍ലാല്‍ എത്തുമ്പാള്‍ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. കുട്ട്യാലി മരയ്ക്കാര്‍ എന്നാണ് മധുവിന്റെ കഥാപാത്രത്തിന്റെ പേര്. മൂന്നാമനെയും രണ്ടാമനെയും അവതരിപ്പിക്കാന്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ തുടങ്ങിയ താരങ്ങളെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രഭുവും ഒരു പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഹിന്ദി, തെലുഗ്, ബ്രിട്ടീഷ്, ചൈനീസ് താരങ്ങള്‍ അണിനിരക്കും. 

സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കടലിലാണ് ചിത്രീകരിക്കുന്നത്. പ്രിയദര്‍ശന്റെ 95ാമത്തെ ചിത്രമാണ് മരക്കാര്‍. 

ആഗസ്റ്റ് സിനിമാസ് നിര്‍മിച്ച് സന്തോഷ് ശിവന്‍ ഒരുക്കുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറിന്റെ ജോലികളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

പോര്‍ച്ചുഗീസുകാരുമായുള്ള ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ള പടത്തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍. ആ കാലഘട്ടത്തില്‍ ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് സാമൂതിരിയുടെ കടല്‍പടത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാന്മാരാണെന്ന് ചരിത്രം പറയുന്നു.

കുഞ്ഞാലി മരയ്ക്കാര്‍ എന്ന പേരില്‍ 1967ല്‍ ഒരു ചിത്രം ഇറങ്ങിയിരുന്നു. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.കെ പരീക്കുട്ടി നിര്‍മിച്ച് എസ്.എസ് രാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായരായിരുന്നു കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചത്. പ്രേംനസീറും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

Content highlights: kunjali marakkar pranav mohanlal marakkar arabikadalinte simham mohanlal priyadarshan