കൊച്ചി: ഭാര്യ പ്രിയയുടെ ജന്മദിനത്തിൽ നൽകാൻ ഇത്തവണ എന്തുസമ്മാനം വാങ്ങിക്കണം?... ചോദ്യത്തിന് ഉത്തരമായി നടൻ കുഞ്ചാക്കോ ബോബൻ എത്തിയത് സിനിമാ പ്രവർത്തകർ ചേർന്നു നടത്തുന്ന ‘കോവിഡ് അടുക്കള'യിലായിരുന്നു. ലോക്ഡൗണിൽ കുരുങ്ങി വിശന്നു വലഞ്ഞിരിക്കുന്ന ആയിരങ്ങൾക്കു അന്നമേകാൻ ഓരോ പൊതിച്ചോറും കെട്ടുമ്പോൾ പ്രിയ ചാക്കോച്ചനോട് പറഞ്ഞു- ‘‘ഇതിലും വലിയൊരു ജന്മദിന സമ്മാനം ലഭിക്കാനില്ല...’’

സമൂഹത്തിന് ചെയ്യേണ്ട കടമയെന്നാണ് കോവിഡ് കിച്ചണിലേക്കുള്ള വരവിനെക്കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ‘‘നമ്മുടെ നാട് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലോക്ഡൗണിൽ കുടുങ്ങി എത്രയോ പേരാണ് ഭക്ഷണംകിട്ടാതെ നാട്ടിൽ പട്ടിണി കിടക്കുന്നത്. ഈ സമയത്ത് നാടിന് തങ്ങളാൽ കഴിയാവുന്ന സഹായം ചെയ്യാനായിട്ടാണ് കോവിഡ് കിച്ചണിലേക്ക് വന്നത്. ജന്മദിനത്തിൽ മറ്റു സമ്മാനമൊന്നും വേണ്ടെന്നും കോവിഡ് കിച്ചണിൽ പോയി അല്പനേരമെങ്കിലും സഹായിക്കാമെന്നും പ്രിയ തന്നെയാണ് എന്നോടു പറഞ്ഞത്- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

എറണാകുളത്ത് സിനിമാ പ്രവർത്തകർ ചേർന്നുനടത്തുന്ന ‘കോവിഡ് അടുക്കള’ ഓരോ ദിനം ചെല്ലുന്തോറും ഹിറ്റിൽനിന്ന് സൂപ്പർ ഹിറ്റിലേക്കു കുതിക്കുകയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ അടുത്തദിവസം 100 പേർക്കു ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് നിർമാതാക്കളായ മഹാ സുബൈറും ആന്റോ ജോസഫും ആഷിഖ് ഉസ്മാനും ഇച്ചായീസ് മനുവും പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷയും നടൻ ജോജു ജോർജും ചേർന്ന് കോവിഡ് അടുക്കള തുടങ്ങിയത്.

kunchacko boban wife priya birthday celebration food for poor Cinema Wokers dockdown covid 19 corona
സിനിമാ പ്രവർത്തകരുടെ കോവിഡ് അടുക്കളയിൽ
പൊതിച്ചോറ്് കെട്ടുന്ന നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും

സുബൈറിന്റെ വീട്ടുമുറ്റത്താണ് പാചകവും പൊതികെട്ടലുമെല്ലാം. കലൂരിലെ വീനസ് ലെയ്ൻ റെസിഡന്റ്‌സ് അസോസിയേഷന്റെ സഹായം കൂടിയായതോടെ വളരെപ്പെട്ടെന്നാണ് കോവിഡ് അടുക്കള ഹിറ്റായത്. 100 പേർക്കായി തുടങ്ങിയ കിച്ചണിൽനിന്ന് ഇപ്പോൾ വിതരണംചെയ്യുന്നത് 4000-ത്തോളം പേർക്കുള്ള ഭക്ഷണമാണ്.

ഉച്ചയ്ക്കുള്ള പൊതിയിൽ ചോറും സാമ്പാറും തോരനും അച്ചാറും ഉൾപ്പെടുമ്പോൾ രാത്രിയിലെ പൊതിയിൽ ചപ്പാത്തിയും കറിയുമാകും കൊടുക്കുക. ഞായറാഴ്ച ഉച്ചയ്ക്ക് ചിക്കൻ ബിരിയാണിയും ഉൾപ്പെടുത്തിയതോടെ സിനിമാ പ്രവർത്തകരുടെ കോവിഡ് കിച്ചൺ സൂപ്പർ ഹിറ്റായി. റെസിഡന്റ്‌സ് അസോസിയേഷനിലെ സ്ത്രീകൾ പല നേരത്തായി വന്നാണ് പച്ചക്കറിയും മറ്റും അരിഞ്ഞു കൊടുക്കുന്നത്. സുബൈറിന്റെ സഹോദരൻ ബഷീറിന്റെ കാറ്ററിങ് യൂണിറ്റിന്റെ സഹായത്തോടെയാണ് പാചകം. സുബൈറും സംഘവും തുടങ്ങിയ പദ്ധതിയിലേക്ക് താരങ്ങളും എത്താൻ തുടങ്ങി. നടന്മാരായ ആസിഫ് അലി, രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, സുരേഷ് കൃഷ്ണ, സാദിഖ് തുടങ്ങിയവരൊക്കെ കിച്ചണിലെത്തി സഹായിച്ചിരുന്നു.

Content Highlights: kunchacko boban wife priya birthday celebration