കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന 'ന്നാ താൻ കേസ്‌കൊട്' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോൾ വൈറലാവുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സംവിധാനത്തിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

സാധാരണ കാസ്റ്റിംഗ് കോളുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ നിർദേശങ്ങളും ആവശ്യങ്ങളുമാണ് 'ന്നാ താൻ കേസ്‌കൊട്' സിനിമയുടെ അണിയറപ്രവർത്തകർ മുന്നോട്ട് വയ്ക്കുന്നത്. 

ഒക്ടോബറിൽ ചിത്രീകരണം തുടങ്ങാൻ ആവശ്യമുള്ള സാധനങ്ങൾ എന്ന തലക്കെട്ടോട് കൂടിയാണ് തങ്ങൾക്ക് വേണ്ട അഭിനേതാക്കളെ കുറിച്ച് അണിയറ പ്രവർത്തകർ പറയുന്നത്. രണ്ട് കള്ളന്മാർ, എട്ട് പൊലീസുകാർ,  16 വക്കീലുമാർ, ഒരു മജിസ്ട്രേറ്റ്, 3 ബെഞ്ച് ക്ലർക്ക്, 5  ഓട്ടോ ഡ്രൈവർമാർ, ഒരു അംഗൻവാടി ടീച്ചർ, 1 റിട്ടയേഡ് പി.ഡബ്ല്യു.ഡി ടീച്ചർ, നാല് ഷട്ടിൽ കളിക്കാർ, ഒരു ബൈക്കർ എന്നിവർക്കൊപ്പം ഏതെങ്കിലും കേസിൽ കോടതി കയറിവർ, യൗവനം വിട്ടുകളയാത്ത വൃദ്ധദമ്പതികൾ, മുഖ്യമന്ത്രി, മന്ത്രിയും ഭാര്യയും മന്ത്രിയുടെ പി.എയെയും വിദേശത്ത്  പഠിച്ച നാട്ടിൻപുറത്തുകാരൻ, തൊഴിൽരഹിതർ, നിരപരാധികൾ എന്നിവരെയാണ്  ചിത്രത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ജീവിക്കുന്നവരെയാണ് ചിത്രത്തിലേക്ക് വിളിച്ചിരിക്കുന്നത്. തങ്ങൾ നിർദേശിച്ചിരിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്ന് സ്വയം തോന്നുന്നുന്നവർക്കും നാട്ടുകാർ ആരോപിക്കുന്നവർക്കും പങ്കെടുക്കാമെന്നും താൽപര്യമുള്ളവർ ഒരു മിനിറ്റിൽ കവിയാത്ത വീഡിയോയും കളർ ഫോട്ടോയും ntckmovie@gmail.com എന്ന മെയിലിലേക്ക് അയച്ചുകൊടുക്കണമെന്നും പോസ്റ്ററിൽ പറയുന്നു.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

ടാ തടിയാ, മഹേഷിന്റെ പ്രതികാരം, മായാനദി, ഈ മാ യൗ, വൈറസ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ആർക്കറിയാം, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് ടി കുരുവിളി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പം വിനയ് ഫോർട്ട്, ഗായത്രി ശങ്കർ, സൈജു കുറുപ്പ്, ജാഫർ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അതേസമയം 'ആൻഡ്രോയ്ഡ് കുഞ്ഞപ്പന്' ശേഷം നിവിൻ പോളിയെ നായകനാക്കി 'കനകം കാമിനി കലഹം' എന്ന ചിത്രം രതീഷ് സംവിധാനം ചെയ്തിരുന്നു.

content highlights : Kunchacko Boban movie Nna Thaan Case Kodu casting call directed by Ratheesh balakrishna Poduval