ലോക്ഡൗണില്‍ ഇന്ന് വിവാഹ വാര്‍ഷികം ആഘോഷിച്ച രണ്ടു സിനിമാതാരങ്ങളുണ്ട്. ഒന്ന് നീരജ് മാധവ്. മറ്റേത് കുഞ്ചാക്കോ ബോബനും. നീരജ് മാധവിന്റേത് രണ്ടാം വിവാഹവാര്‍ഷികമായിരുന്നെങ്കില്‍ ചാക്കോച്ചനും പ്രിയയും ഒന്നായിട്ട് ഇന്നേക്ക് 15 വര്‍ഷങ്ങള്‍ തികയുന്ന ദിവസമായിരുന്നു. ലോക്ഡൗണിനിടയില്‍ വീട്ടില്‍ കഴിയുന്നതിനിടെ കേക്ക് മുറിച്ചുകൊണ്ടുളള ചെറിയ ആഘോഷം കഴിഞ്ഞ് നടന്‍ പ്രിയയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്. ഇസ വന്നതിനു ശേഷമുള്ള ഈ വിവാഹവാര്‍ഷികം ഏറെ സ്‌പെഷ്യലാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

'പതിനഞ്ചു വര്‍ഷമായി നിന്നോടുള്ള സ്‌നേഹത്തിന്റെ ക്വാറന്റൈനിലാണ് ഞാന്‍. അതെനിക്കെന്നും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ 22 വര്‍ഷമായി നമുക്കു പരസ്പരം അറിയാം. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് നീ. 

നിന്നെ കാണുന്നതിനും മുമ്പാണ്.. എന്റെ ആദ്യചിത്രത്തില്‍ നിന്റെ പേരിലുള്ള ആ പാട്ട് ഞാന്‍ മൂളുന്നത്. അന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്റെ ജീവിതസഖിയുടെ പേരാണ് അതെന്ന്‌.. നമുക്കിടയിലെ നല്ലതും ചീത്തയുമെല്ലാം പരസ്പരം അംഗീകരിച്ച് കൈകോര്‍ത്ത് നമ്മള്‍ മുമ്പോട്ടു പോയി.. ഇന്ന് നമുക്ക് രണ്ടു പേര്‍ക്കും സ്‌പെഷ്യലാണ്. നമുക്ക് ഒപ്പം ഇസഹാക്ക് ഉണ്ട്. നിന്റെ അച്ഛനുമമ്മയ്ക്കും നീ നല്ലൊരു മകളായിരുന്നു. നിന്റെ കസിന്‍സിന് നീ നല്ലൊരു സഹോദരിയാണ്... സുഹൃത്താണ്.. എനിക്കുള്‍പ്പെടെ... നല്ലൊരു കാമുകിയാണ്.. (അതെനിക്കു മാത്രം) എനിക്ക് നല്ലൊരു ഭാര്യയാണ്.. എന്റെ കുടുംബത്തിന് നീ നല്ലൊരു മരുമകളും നാത്തൂനുമൊക്കെയാണ്.. ഇപ്പോള്‍ എന്റെ മകന്റെ സൂപ്പര്‍ അമ്മ കൂടിയുമാണ്.. ഒരായിരം ആലിംഗനങ്ങളും ചുംബനങ്ങളും എന്റെ പ്രിയതമയ്ക്ക്....'

2005 ഏപ്രില്‍ 2നാണ് പ്രിയ ആന്‍ സാമുവല്‍ എന്ന തന്റെ ആരാധികയെ കുഞ്ചാക്കോ ബോബന്‍ വിവാഹം ചെയ്യുന്നത്. 2019 ഏപ്രില്‍ 16ന് ആയിരുന്നു ഇസഹാക്കിന്റെ ജനനം.

kunchacko

Content Highlights : kunchacko boban and priya celebrates 15th wedding anniversary facebook post with izahaak