കുഞ്ചാക്കോബോബൻ,അരവിന്ദ് സ്വാമി നിർമ്മാതാവ് ഷാജിനടേശൻ
"ജാക്കിച്ചാന് എന്ന് വിളിക്കുംപോലെ...,ചാക്കോച്ചാന്...എന്നാണ് അദ്ദേഹം എന്നെ വിളിക്കുന്നത്, വളരെ കൂളായ മനുഷ്യന്, പുള്ളിയാണോ ഞാനാണോ സീനിയര്‍ എന്ന് സംശയിപ്പിക്കുന്ന പെരുമാറ്റം..." അരവിന്ദ് സാമിക്കൊപ്പം 'ഒറ്റ്'-സിനിമയ്ക്കായി ദിവസങ്ങളോളം ചെലവിട്ട നിമിഷങ്ങള്‍ ചാക്കോച്ചന് പറഞ്ഞുതുടങ്ങി...
''പേരെടുത്തൊരു പാചകക്കാരനാണ് അരവിന്ദ് സാമി സാര്‍ എന്നത് എനിക്ക് പുതിയ അറിവായിരുന്നു. അദ്ദേഹത്തിന്റെ പാചകത്തെപ്പറ്റി പുകഴ്ത്തി, സ്വാദിനെക്കുറിച്ച് വാതോരാതെ വിവരിച്ചത് ബോംബെയിലെ രണ്ട് പ്രധാന ഷെഫുമാരാണ്. ചിത്രീകരണത്തിന് ഇടവേളയുള്ള ഒരുദിവസം ഞങ്ങളിരുവരും ഭക്ഷണത്തിനായി മുംബൈയിലെ ഒരു വലിയ റെസറ്റോറന്റിലേക്ക് ചെന്നുകയറി. രുചിയ്ക്ക് പേരുകേട്ട റെസ്റ്റോറന്റിലിരിക്കുമ്പോഴാണ് അവിടത്തെ ഷെഫുമാര്‍ ഞങ്ങളുടെ അടുത്തേക്ക് വരുന്നത്. ഇരുവരും മുന്‍പ് ചെന്നൈയില്‍വെച്ച് സാമി സാറുണ്ടാക്കിയ ഭക്ഷണം കഴിച്ചവരായിരുന്നു, അവര്‍ പിന്നീടങ്ങോട്ട് സംസാരിച്ചതെല്ലാം അദ്ദേഹത്തിന്റെ കൈപുണ്യത്തെക്കുറിച്ചും അന്നുകഴിച്ച ഭക്ഷണത്തിന്റെ ഒടുക്കത്തെ രുചിയെക്കുറിച്ചുമായിരുന്നു. അദ്ദേഹത്തിന്റെ മകളും മികച്ച ഷെഫാണ്, ചെന്നൈയില്‍ അവര്‍ നാലുദിവസം നീണ്ടുനിന്ന ഫുഡ്ഷോയെല്ലാം സംഘടിപ്പിച്ചിട്ടുണ്ട്.
പുതിയ അറിവുകള്‍ക്കുമുന്നില്‍ മിഴിച്ചിരുന്ന എനിക്ക് നേരെ സാമിസാര് ഒരു വാഗ്ദാനം നല്കി... ഒരുദിവസം എന്റെ വീട്ടില്‍ വന്ന് കൈപുണ്യം നേരില്‍ ആസ്വദിക്കാനുള്ള അവസരമുണ്ടാക്കും. വലിയ സൗകര്യങ്ങളേറെയില്ലാത്ത ചെറിയവീടാണ് എന്റെതെന്ന് ഞാന്‍ പറഞ്ഞെങ്കിലും അതൊന്നും അദ്ദേഹം കാര്യമാക്കിയില്ല. പാചകംചെയ്യാന്‍ ഒരു അടുക്കള ഒരുക്കിയാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കേട്ടറിഞ്ഞ കൈപുണ്യം നേരിട്ടനുഭവിച്ചറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അധികം വൈകാതെ അദ്ദേഹത്തിന്റെ വരവ് പ്രതീക്ഷിക്കുന്നു...

മുംബൈ,ഗോവ എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. പലപ്പോഴും ഉച്ചയോടെയാണ് ഷൂട്ടിങ്ങ് തുടങ്ങുന്നത്. രാവിലെ നടക്കാനിറങ്ങുന്നതും തെരുവിലെ ചെറുകടകളില്‍ ചായകുടിച്ചിരിക്കുന്നുതുമെല്ലാം സ്ഥിരം പരിപാടിയായിരുന്നു. ഒരുദിവസം ഞാനിറങ്ങുമ്പോഴേക്കും ഫോണില്‍ വിളിയെത്തി
ചാക്കോച്ചാന്...
വേര് ആര് യു ഗോയിങ്...?
ചായകുടിക്കാനായി തെരുവിലേക്ക് നടന്നുപോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാനും വരുന്നു എന്ന് പറഞ്ഞ് സാമിസാറും ഒപ്പം ചേര്‍ന്നു
സാധനങ്ങള്‍ വാങ്ങാനും സ്ഥലം കാണാനുമായി പിന്നീടങ്ങോട്ടുള്ള യാത്രകളെല്ലാം ഞങ്ങളൊരുമിച്ചായിരുന്നു.''
പ്രണയനായകന്മാര് ഒന്നിക്കുന്ന സിനിമ ഒരേസമയം മലയാളത്തിലും തമിഴിലുമായാണ് പ്രദര്‍ശനത്തിനെത്തുന്നത്. മലയാളത്തില്‍ 'ഒറ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം രെണ്ടഗമെന്ന പേരില്‍ കോളിവുഡിലേക്കെത്തും. തീവണ്ടി സിനിമയ്ക്കുശേഷം ടി.പി.ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രം ഷാജി നടേശനാണ് നിര്‍മ്മിക്കന്നത്.
കാല്നൂറ്റാണ്ടിലേക്കെത്തുന്ന അഭിനയജീവിതം മുന്‍നിര്‍ത്തി കുഞ്ചാക്കോ ബോബന് സംസാരിക്കുന്നു...
ജനുവരി ലക്കം ഗൃഹലക്ഷ്മി കാണുക...
Content Highlights : Kunchacko Boban about Aravind Swamy, Ottu Movie, TP Fellini
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..