'ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്ക'ത്തിൽ നഗ്മയ്ക്കൊപ്പം പടന്നയിൽ
പല്ലില്ലാത്ത മോണ കാട്ടി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടൻ, കെ.ടി.എസ് പടന്നയിൽ 88ാം വയസിൽ വിടവാങ്ങുമ്പോൾ ബാക്കിയാവുന്നത് മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങൾ.
നാടകലോകത്ത് നിന്നാണ് പടന്നയിൽ സിനിമയിലെത്തുന്നത്. തൊണ്ണൂറുകളിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് സിനിമയിൽ പ്രശസ്തനാവുന്നത്.
ത്രീമെൻ ആർമി, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, ആദ്യത്തെ കണ്മണി, അനിയൻ ഭാവ ചേട്ടൻ ഭാവ, സ്വപ്ന ലോകത്തെ ബാലഭാസ്കരൻ, വൃദ്ധന്മാരെ സൂക്ഷിക്കുക, ദില്ലിവാല രാജകുമാരൻ, കഥാനായകൻ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, അമ്മ അമ്മായിയമ്മ, തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ മുഴുനീള വേഷങ്ങൾ.

കഥാനായകനിലെ അലസനായ കോന്തുണ്ണിനായർ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ 'സ്ത്രീവിഷയത്തിൽ തത്പരനായ' യമുനാ റാണിയുടെയും മാമി സന്താനവല്ലിയുടെയും ആരാധകനായ മുത്തച്ഛൻ... പടന്നയിൽ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രങ്ങൾ അനവധി.
ഒന്നിടവിട്ട വർഷങ്ങളിൽ ഒരു ചിത്രം എന്ന രീതിയിലെങ്കിലും സിനിമ വിട്ടിരുന്നില്ല പടന്നയിൽ. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയിലാണ് ഒടുവിൽ വേഷമിട്ടത്.
തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ ചെറിയൊരു സ്റ്റേഷനറി കടയും കെ.ടി.എസ്. പടന്നയിൽ നടത്തിയിരുന്നു. ഷൂട്ടിങ് ഇല്ലാത്തപ്പോൾ ഈ കടയുടെ തിരക്കുകളിലാകും അദ്ദേഹം.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് ഒട്ടനവധി കഥാപാത്രങ്ങളെ ബാക്കിയാക്കി അദ്ദേഹത്തിന്റെ മടക്കം.
Content Highlights : KTS Padannayil Movies Sreekrishnapurathu Nakshathrathilakkam Kathanayagan Aniyan Baava Chettan Baava
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..