ഓര്‍മകളുടെ ഈറന്‍മാറാത്ത മണ്ണില്‍ പ്രാര്‍ഥനാനിരതരായി അവര്‍ നിന്നു. പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയ കഥാപാത്രത്തെ ഏറ്റെടുക്കും മുന്‍പ് ആ കഥാപാത്രത്തെ ഏറെ മോഹിച്ച നടന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ അവര്‍ തലകുനിച്ചു. കെ.ടി.സി. അബ്ദുള്ള എന്ന നടന് തുടക്കംകുറിച്ച മുഹബ്ബത്തില്‍ കുഞ്ഞബ്ദുള്ള എന്ന സിനിമയിലെ കഥാപാത്രം അങ്ങനെ മലയാളത്തിന്റെ പ്രിയനടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ ഇന്ദ്രന്‍സ് ഏറ്റെടുത്തു.
ചിത്രത്തിന്റെ പുനര്ചിത്രീകരണത്തിനും തുടക്കം കുറിച്ചു. തന്റെ ഇഷ്ടകഥാപാത്രത്തെ അഭിനയിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിടവാങ്ങിയ അബ്ദുള്ളക്ക അന്ത്യനിദ്രകൊള്ളുന്ന ഖബര്‍സ്ഥാനില്‍ കുഞ്ഞബ്ദുള്ള എന്ന കഥാപാത്രത്തിന്റെ വേഷത്തില്‍തന്നെയായിരുന്നു ഇന്ദ്രന്‍സ് എത്തിയത്. ഒപ്പം ബാലു വര്‍ഗീസ്, സംവിധായകന് ഷാനു സമദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര, മേക്കപ്പ്മാന് അമല്‍ചന്ദ്, ക്യാമറാമാന് അന്‍സര്‍, ഫോട്ടോഗ്രാഫര്‍ അനില്‍ പേരാമ്പ്ര, ജെ.പി. കോങ്ങാട് എന്നിവര്‍ സംബന്ധിച്ചു. അബ്ദുള്ളക്കയുടെ സ്മരണകള്‍ അലയടിക്കുന്ന അന്തരീക്ഷത്തില്‍ ഷാജി പട്ടിക്കര യാസീന്‍ ഓതി പ്രാര്‍ഥിച്ചു. എല്ലാവരും പ്രാര്‍ഥനാനിരതരായി നിന്നു. അബ്ദുള്ളക്കയുടെ മകന് ഗഫൂറും അവിടെയെത്തി.
''ഈ സിനിമ ഏറെ പ്രതീക്ഷയോടെയാണ് ബാപ്പ കണ്ടിരുന്നത്. ഷൂട്ടിങ് മുടങ്ങി ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ ഈ സിനിമയെക്കുറിച്ച് തന്നെയായിരുന്നു ചിന്ത.'' ഗഫൂര്‍ പറഞ്ഞു. സുഡാനി കണ്ടപ്പോഴാണ് ഇങ്ങനെയൊരു സിനിമയെക്കുറിച്ചാലോചിച്ചതെന്ന് സംവിധായകന് ഷാനു പറഞ്ഞു. ആ ചിത്രത്തിലെ അബ്ദുള്ളക്കയുടെ കഥാപാത്രം സിനിമ കണ്ടിറങ്ങിയിട്ടും മനസ്സില്‍നിന്ന് മാഞ്ഞുപോവുന്നുണ്ടായിരുന്നില്ല. ഒരു മനുഷ്യന്റെ ജീവിതയാത്രയായാണ് ഈ സിനിമ ആവിഷ്കരിക്കുന്നത്. അയാളുടെ യാത്രയില്‍ കൂടെ കടന്നുവരുന്ന കഥാപാത്രങ്ങള്‍. സംഭവങ്ങള്‍ അങ്ങനെ... അബ്ദുള്ളക്കയുടെ മരണം ഞങ്ങളെ ഒരു ശൂന്യതയിലെത്തിച്ചെങ്കിലും ഈ കഥാപാത്രത്തെയും സിനിമയെയും പറ്റി കേട്ട് അതേറ്റെടുക്കാന്‍ ഇന്ദ്രന്‍സ് ചേട്ടന് മുന്നോട്ട് വന്നു. ആ നല്ല മനസ്സിനും അബ്ദുള്ളക്കയുടെ മനസ്സിനും നന്ദി പറഞ്ഞുകൊണ്ടാണ് ഈ ഖബര്‍സ്ഥാനില്‍ നില്‍ക്കുന്നതെന്ന് ഷാനു കൂട്ടിച്ചേര്‍ത്തു.
മുംബൈയില്‍നിന്ന് തുടങ്ങുന്ന കുഞ്ഞബ്ദുള്ളയുടെ ഒരു അന്വേഷണയാത്ര കേരളത്തിലെത്തുന്നു. ആ യാത്രയ്ക്കിടയില്‍ കടന്നുവരുന്ന കഥാപാത്രങ്ങളിലൊരാളെയാണ് ബാലു വര്‍ഗീസ് അവതരിപ്പിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മിക്കുന്നു.
Conetnt Highlights: ktc abdullah death, indrans, movie muhabbat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..