നന്ദന, നന്ദനയ്‌ക്കൊപ്പം ചിത്ര| Photo: Mathrubhumi Archives
മകള്‍ നന്ദനയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പു പങ്കുവച്ച് ഗായിക ചിത്ര. നന്ദനയുടെ വേര്‍പാട് നല്‍കിയ മുറിവിന്റെ ആഴം വ്യക്തമാക്കി കൊണ്ടുള്ള ഈ കുറിപ്പ് ഏവരെയും കണ്ണീരണിയിക്കുകയാണ്.
സ്വര്‍ഗത്തിലെ നിന്റെ ജന്മദിനമാണിന്ന്. അവിടെ മാലാഖമാരുമൊന്നിച്ച് നീ ഈ ദിനം ആഘോഷിക്കുന്നുണ്ടാകും. എത്ര വര്‍ഷങ്ങള്‍ കടന്നുപോയാലും നിനക്ക് പ്രായമാകില്ല. നീ അകലെയാണെങ്കിലും സുരക്ഷിതയാണെന്ന് അറിയാം. ഞാന്‍ നിന്ന് ഒരുപാട് സ്‌നേഹിക്കുന്നു. എല്ലാ ദിവസത്തേക്കാളുമേറെ നിന്നെ എനിക്ക് മിസ് ചെയ്യുന്നു- പിറന്നാള്‍ ആശംസകള്‍
'കാലത്തിനു മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ഞങ്ങളുടെ നഷ്ടമെന്തെന്ന് ശരിക്കും ദൈവത്തിന് അറിയുമായിരുന്നെങ്കില്‍ നന്ദന ഇന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവുമായിരുന്നു. ഈ ദുഖം ഞങ്ങള്‍ക്കൊപ്പമുണ്ടാകും കാലം എത്ര കഴിഞ്ഞാലും. ആ വേദനയില്‍ കൂടി ഞങ്ങള്‍ കടന്നു പോകുന്നു. ഞങ്ങളെ രണ്ടു പേരെയും ദൈവം അങ്ങോട്ടു വിളിച്ചുകഴിയുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരും വീണ്ടും ഒരുമിച്ചു ചേരും. എന്റെ പ്രിയപ്പെട്ട നന്ദനയ്ക്ക് ഒത്തിരി പിറന്നാള്‍ ആശംസകള്‍' .-ചിത്ര കുറിച്ചു.
വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ല്‍ ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ശങ്കറിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2011ല്‍ വിഷുവിന് ദുബായിയില്‍ നീന്തല്‍ക്കുളത്തില്‍ വീണായിരുന്നു മരണം. മരിക്കുമ്പോള്‍ എട്ടു വയസ്സായിരുന്നു നന്ദനയ്ക്ക്.
രഞ്ജിത്ത് ചിത്രം നന്ദനം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് കുഞ്ഞുണ്ടാകുന്നത്. ചിത്രത്തിലെ കാര്‍മുകില്‍ വര്‍ണന്റെ എന്ന് തുടങ്ങുന്ന കൃഷ്ണഭക്തി ഗാനം മനസ്സ് നിറഞ്ഞാണ് ആലപിച്ചതെന്ന് ചിത്ര പറഞ്ഞിരുന്നു. വലിയ കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന് പേരും നല്‍കി.
നന്ദനയുടെ വിയോഗത്തിന് ശേഷം ചിത്ര സംഗീത ലോകത്ത് നിന്ന് മാറി നിന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സംഗീത ലോകത്ത് തിരിച്ചെത്തിയത്.
Content Highlights: KS chithra remembers daughter Nandana or her birthday
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..