തിരുവനന്തപുരം: കൊച്ചിയില്‍ യുവ നടിക്കുണ്ടായ ആക്രമണത്തില്‍ കേരളത്തിന്റെ വാനമ്പാടിയും പ്രതികരിക്കുന്നു. ഇന്നത്തെ കാലഘട്ടത്തെ പറ്റി പറഞ്ഞാല്‍ സ്ത്രീകളുടെ സുരക്ഷ ഒരു വലിയ ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്.
ഒരു നടിയുടെ കേസ് മാത്രമല്ല, ഇതു പോലെ എത്രയോ കേസുകള്‍ നടക്കുന്നുണ്ട്. പക്ഷേ പലരും അവരുടെ ഭാവിയെ ഓര്‍ത്ത് അല്ലെങ്കില്‍ ഒരു ചീത്തപേര് ഉണ്ടാവുമെന്നുള്ള ഭയം മൂലം വെളിയില്‍ പറയാതെ മൂടി വെക്കുന്നവരുമുണ്ട്. ഇപ്പോഴത്തെ കാലത്ത് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരു പോലെ ജോലി ചെയ്യുന്ന സമയമാണ്. വീട്ടില്‍ അമ്മയും പെങ്ങളുമുള്ള ആള്‍ക്കാരിത് ചെയ്യും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷേ എന്നാല്‍ പോലും എല്ലാവരുടെയും ഒരു ചിന്താഗതി അങ്ങ് മാറി പോയെന്നു തോന്നുന്നു.
മറ്റുള്ള ചില രാജ്യങ്ങളില്‍ ചെല്ലുമ്പോഴും അവരു നമ്മുടെ നാടിനെ പറ്റി പറയുന്നത് കേള്‍ക്കുമ്പോള്‍ ശരിക്കും ശരിക്കും നമ്മുക്കൊരു വിഷമം തോന്നും. 100 ശതമാനം സാക്ഷരതയുള്ള കേരളത്തിലാണ് ഏറ്റവും മോശപ്പെട്ട കാര്യങ്ങള്‍ നടക്കുന്നത്. ഇന്നത്തെ കുട്ടികളെന്താണ് ഇങ്ങനെ വഴിമാറി പോകുന്നതെന്ന് ഞാനും ഒരുപാട് ചിന്തിക്കാറുണ്ട്. കാരണം ഒരു സെലിബ്രിറ്റിയെ കടത്തികൊണ്ട് പോകാനുള്ളൊരു ധൈര്യം ഉണ്ടാകുന്നു. എന്ന് വെച്ചാല്‍ സെലിബ്രിറ്റി എന്ന് മാത്രമല്ല സെലിബ്രിറ്റി എന്ന് എടുത്ത് പറഞ്ഞുവെന്നേയുള്ളു ഇത് എല്ലാ സ്ത്രീകളെയും ഉദ്ദേശിച്ചാണ് പറഞ്ഞത്. എല്ലാരും പൊതുവേ പറയുന്നത് നമ്മുടെ നിയമത്തില്‍ ഇങ്ങനത്തെ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഇല്ലാത്തതു മൂലമാണ് ഇങ്ങനെ നടക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത്.
ഇന്ത്യ വിട്ട് പോയി ജീവിക്കുന്നവരൊന്നും ഇത്രയും വലിയ കുറ്റങ്ങള്‍ ചെയ്യാറില്ല. കാരണം അവിടെ കടുത്ത ശിക്ഷകളാണ് ഇത്തരത്തിലുള്ള കുറ്റങ്ങള്‍ക്ക്. ഇങ്ങനെ ചെയ്യുന്നവരോട് പറയാന്‍ ഒന്നേ ഉള്ളു. ഇങ്ങനുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതിനു മുന്‍പ് വീട്ടിലുള്ള അമ്മയേയും പെങ്ങള്‍മാരേയും ഓര്‍ക്കുക. സ്ത്രീകള്‍ക്കും ഈ ലോകത്ത് ജീവിക്കണ്ടേ. ഇന്നത്തെ കാലത്ത് ഭാര്യയും ഭര്‍ത്താവും ഒരു പോലെ ജോലി ചെയ്താല്‍ മാത്രമേ ഒരു കുടുംബം പോറ്റാനാകു. അത് കൊണ്ട് ഇനിയെങ്കിലും ഇത്തരത്തിലുള്ള തെറ്റുകള്‍ ആരും ആവര്‍ത്തിക്കാതിരിക്കട്ടെയെന്നും. ചിത്ര മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.