-
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് ഏറ്റവും അവസാനമായി വേഷമിട്ട ‘ ദിൽ ബെച്ചാര’ കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത്. ആരാധകരും സുശാന്തിന്റെ സഹപ്രവർത്തകരും വേദനയോടെയാണ് ചിത്രം കണ്ടു തീർത്തത്. ചിത്രം കണ്ട സുശാന്തിന്റെ അടുത്ത സുഹൃത്തും നടിയുമായ കൃതി സനോണും അതേ വേദന പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയയിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
“ഇത് ശരിയല്ല. ഇത് വീണ്ടും എന്റെ ഹൃദയം തകർത്തു. മാന്നിയായി പലസമയത്തും നീ ജീവനോടെ വരുന്നത് ഞാൻ കണ്ടു. ആ കഥാപാത്രത്തിൽ നീയെവിടെയെല്ലാമാണ് നിന്നെ തന്നെ നൽകിയിരിക്കുന്നത് എന്ന് എനിക്ക് കൃത്യമായി അറിയാം. എപ്പോഴത്തേയും പോലെ അത് പലപ്പോഴും നിന്റെ നിശബ്ദതയിൽ തന്നെയായിരുന്നു. നീ ഒന്നും മിണ്ടാതെ തന്നെ ഒരുപാട് പറഞ്ഞ ചിലയിടങ്ങളിൽ,” കൃതി കുറിക്കുന്നു.
ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള വാക്കാണ് തമിഴ് പദമായ സെരി(ശരി) എന്നത്. സുശാന്തിന്റെ കഥാപാത്രമായ മാന്നിയുംസഞ്ജന സാങ്കി അവതരിപ്പിച്ച കിസിയും തങ്ങളുടെ രഹസ്യ വാക്കായി ഉപയോഗിക്കുന്നത് സെരി എന്ന വാക്കാണ്.
ബോളിവുഡിൽ സുശാന്തിന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് കൃതി. “ഇത് കാണുന്നത് വളരെ കഠിനമാണ്. പക്ഷെ കാണാതിരിക്കാൻ എനിക്കെങ്ങനെ സാധിക്കും!”എന്നാണ് ദിൽ ബെചാരയുടെ ട്രെയ്ലർ പങ്കുവച്ച് കൃതി കുറിച്ചത്..
ജീവിക്കുകയെന്നതിനേക്കാൾ മരണമാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം സുശാന്തിന്റെ ജീവിതത്തിൽ ഉണ്ടായി എന്നറിഞ്ഞപ്പോൾ അത് തന്നെ പൂർണമായും തകർത്തു കളഞ്ഞെന്നാണ് സുശാന്തിന്റെ മരണ ശേഷം കൃതി സോഷ്യൽ മീഡിയയിൽ കുറിച്ചത്
"സുഷ്, എനിക്കറിയാം ചിന്താശേഷിയുള്ള നിന്റെ മനസു തന്നെയായിരുന്നു എല്ലാകാലത്തും നിന്റെ ഏറ്റവും അടുത്ത മിത്രവും ശത്രുവും. ജീവിക്കുകയെന്നതിനേക്കാൾ മരണമാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം നിന്റെ ജീവിതത്തിൽ ഉണ്ടായി എന്നറിഞ്ഞപ്പോൾ അതെന്നെ പൂർണമായും തകർത്തു കളഞ്ഞു. നിനക്ക് ചുറ്റിലും ആ നിമിഷത്തിൽ ആരെങ്കിലുമുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നെ സ്നേഹിക്കുന്നവരെ നീ തള്ളിമാറ്റിയിട്ടില്ലായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു…
നിന്നെ തകർത്തു കളഞ്ഞ കാര്യങ്ങൾ ശരിയാക്കാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്നു. കുറെയേറെ കാര്യങ്ങൾ ഇങ്ങനെയായിരുന്നെങ്കിൽ എന്ന് ഞാൻ ഈ നിമിഷം ആഗ്രഹിക്കുകയാണ്. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് നിനക്കൊപ്പം പോയത്. ഒരുഭാഗത്ത് എപ്പോഴും നീ ജീവിച്ചിരിക്കുന്നു. നിന്റെ സന്തോഷത്തിനായുള്ള പ്രാർഥനകൾ ഞാൻ ഒരിക്കലും അവസാനിപ്പിക്കില്ല". കൃതി പങ്കുവച്ച കുറിപ്പിൽ പറയുന്നു.
Content Highlights : Kriti Sanon About Dil Bechara Movie Sushanth singh rajput
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..