കലയുടെയും ഫാഷന്റെയും ലോകമാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍. ഇതിലെ മുഖ്യ ആകര്‍ഷണമാണ് റെഡ് കാര്‍പറ്റ്. പുതിയ ഫാഷന്‍ സ്റ്റേറ്റ്‌മെന്റുമായി താരസുന്ദരിമാരെ വരവേല്‍ക്കാറുള്ള കാന്‍ റെഡ് കാര്‍പറ്റ് ഇത്തവണ പ്രതിഷേധത്തിന് വേദിയായിരിക്കുകയാണ്.

റെഡ് കാര്‍പറ്റില്‍ ഹൈ ഹീല്‍ ചെരുപ്പ് ധരിച്ചു മാത്രമേ പ്രവേശിക്കാനാകൂ എന്ന വ്യവസ്ഥയോടുള്ള പ്രതിഷേധമായി ചെരുപ്പുകളൂരി റെഡ് കാര്‍പറ്റിലൂടെ നടന്നാണ് ഹോളിവുഡ് നടി ക്രിസ്റ്റിന്‍ സ്റ്റെവാര്‍ട്ട്  തന്റെ പ്രതിഷേധമറിയിച്ചത്. ഈ വര്‍ഷത്തെ ചലച്ചിത്ര മേളയുടെ ജൂറി അംഗം കൂടിയാണ് ക്രിസ്റ്റിന്‍. റെഡ് കാര്‍പറ്റില്‍ പ്രവേശിക്കുന്നതിന് തൊട്ടു മുന്‍പായാണ് ക്രിസ്റ്റിന്‍ തന്റെ രണ്ടു ചെരുപ്പുകളും അഴിച്ച് കയ്യില്‍ പിടിച്ചു നടന്നു നീങ്ങിയത്. താരം ഫോട്ടോകള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. സ്‌പൈക് ലീയുടെ ബ്ലാക്ക്ക്ലന്‍സ്മാന്‍ എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ് കാണാന്‍ നഗ്നപാദയായാണ് ക്രിസ്റ്റിന്‍ റെഡ് കാര്‍പറ്റിലൂടെ നടന്നു നീങ്ങിയത്. എന്നാല്‍ ഹൈ ഹീല്‍ ധരിച്ചു കൊണ്ട് തന്നെയാണ് താരം സ്‌ക്രീനിങ്ങിന് റെഡ് കാര്‍പറ്റ് വരെ എത്തിയത് അതിനാല്‍ തന്നെ പ്രതിഷേധത്തിന്റെ ഭാഗമായാണോ ഇങ്ങനെ ചെയ്‌തെതെന്ന് ക്രിസ്റ്റിന്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല. 

മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പ്രീമിയര്‍ കാണുന്നതിനായി റെഡ് കാര്‍പറ്റിലൂടെ പ്രവേശിക്കണമെങ്കില്‍ സ്ത്രീകള്‍ ഹൈ ഹീല്‍ ധരിക്കണമെന്നത് വര്‍ഷങ്ങളായി പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്ന വ്യവസ്ഥയാണ്. ഇതിനെതിരെ ക്രിസ്റ്റിന്‍ പലതവണ ശബ്ദമുയര്‍ത്തിയിട്ടുമുണ്ട്.

വിവാദപരമായ ഈ ഡ്രസ്സ് കോഡിനെതിരെ ആദ്യം പ്രതിഷേധമുയര്‍ന്നത് 2015ലാണ് . അന്ന് കരോള്‍ എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിന് വന്ന ഒരു കൂട്ടം സ്ത്രീകളെ ഫ്‌ളാറ്റ് ഷൂസ് അണിഞ്ഞു എന്നതിന്റെ പേരില്‍ സ്‌ക്രീനിങ് കാണാന്‍ അനുവദിക്കാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു.

ഇതിന് ശേഷം നടന്ന കാന്‍ ഫിലിം ഫെസ്റ്റിവല്‍ സ്‌ക്രീനിങ്ങിന് ട്രെയ്‌നര്‍ അണിഞ്ഞു വന്ന ക്രിസ്റ്റിന്‍ റെഡ് കാര്‍പറ്റില്‍  കടക്കുന്നതിന് തൊട്ടുമുന്‍പ് ഡ്രസ്സ് കോഡിന്റെ ഭാഗമായ ഹീല്‍സ് അണയുകയും ചെയ്തിരുന്നു.  ' കാര്യങ്ങള്‍ എത്രയും പെട്ടെന്ന് മാറേണ്ടതുണ്ട്. ഞാനും എന്റെ ഒരു ആണ്‍ സുഹൃത്തും റെഡ് കാര്‍പറ്റിലൂടെ നടന്നു നീങ്ങുമ്പോള്‍ ആരെങ്കിലും എന്നെ തടഞ്ഞ് ഞാന്‍ ഹീല്‍സ് ധരിക്കാത്തതിനാല്‍ അകത്തു പ്രവേശിക്കാനാകില്ല എന്ന് ആവശ്യപ്പെടുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പറയും  എന്റെ സുഹൃത്തും ധരിച്ചിട്ടില്ല അദ്ദേഹവും ഹീല്‍സ് അണിയണമോ എന്ന്. ഇത് രണ്ടു കൂട്ടര്‍ക്കും ബാധകമാക്കണം അല്ലാതെ അദ്ദേഹത്തോട് ആവശ്യപ്പെടാത്ത കാര്യം എന്നോട് ആവശ്യപ്പെടാനാകില്ല.' എന്നായിരുന്നു ക്രിസ്റ്റിന്‍ അന്ന് പ്രതികരിച്ചത് . 

അതേ വര്‍ഷം തന്നെ ഹോളിവുഡ് നടി ജൂലിയ റോബര്‍ട്‌സും ചെരുപ്പുകള്‍ അണിയാതെയാണ്  റെഡ് കാര്‍പറ്റില്‍ പ്രവേശിച്ചത്. 

Kristen Stewart goes barefoot on Cannes Film Festival red carpet kristin stewart hollywood