സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി സ്ഥാപക പത്രാധിപരുമായ കെ. പി. കേശവമേനോനെകുറിച്ചുള്ള ഡോക്യുമെന്ററി ഫിലിം സാംസ്കാരിക മന്ത്രി എ. കെ. ബാലന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. നേരത്തെ സിനിമാ താരം അപർണ ബാലമുരളിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. 

രണ്ട് ലോകമഹായുദ്ധങ്ങൾക്ക് സാക്ഷിയായ കേശവമേനോന്റെ ഇന്ത്യയിലും വിദേശത്തുമുള്ള സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾ ദൃശ്യവൽക്കരിക്കുന്ന ഡോക്യുമെന്ററി “സ്വാതന്ത്ര്യത്തിന്റെ തിരയിളക്കം” എന്നപേരിലാണ് പുറത്തിറങ്ങിയത്. 20 വർഷത്തോളം അദ്ദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ച എൻ. ശ്രീനിവാസനെ കൂടാതെ മുൻ ഗവർണർ കെ. ശങ്കരനാരായണൻ,  എം. ടി. വാസുദേവൻ നായർ,  മാതൃഭൂമി മുൻ മാനേജിങ് ഡയറക്‌ടർ എം. പി.  വീരേന്ദ്രകുമാർ, ചരിത്രകാരൻ എം. ജി. എസ്. നാരായണൻ, മാതൃഭൂമി മാനേജിങ്ങ്‌ എഡിറ്റർ പി. വി. ചന്ദ്രൻ, അബ്‍ദുൾ സമദ് സമദാനി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, കെ. പി. സുധീര തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ കേശവമേനോനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നുണ്ട്. 

മേനോന്റെ ജന്മസ്ഥലമായ പാലക്കാട്ടെ തരൂർ ഗ്രാമത്തിലും ചിത്രീകരണം നടന്നിരുന്നു. 47  മിനിറ്റ് ദൈർഖ്യമുള്ള ഡോക്യുമെന്ററിക്ക് ശബ്‌ദ വിവരണം നൽകിയിരിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവായ പ്രഫ: അലിയാർ ആണ്. പാലക്കാട്‌ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ. പി. കേശവമേനോൻ സ്മാരക ട്രസ്റ്റുമായി സഹകരിച്ചുകൊണ്ടാണ് നിർമ്മാണം. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ടെലിവിഷൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന രാഹുൽ അയനിയാണ്. രാജേഷ് രവിയാണ് ക്യാമറ ചെയ്‍തത്. 

Content Highlights: KP Kesava Menon freedom fighter documentary released